ഏകീകൃത സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ കക്ഷികളുടെ ബഹളത്തിനിടെ ബിജെപി അംഗം കിരോരി ലാല്‍ മീണയാണ് സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ ബില്‍ അവതരണത്തെ ശക്തമായി എതിര്‍ത്തപ്പോൾ കോൺഗ്രസ് പ്രതിനിധികൾ ആരും സഭയിൽ ഇല്ലായിരുന്നു.
ബിജെപി അംഗം ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയപ്പോള്‍ അതിനെ എതിര്‍ക്കാന്‍ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആരുമില്ലെന്ന് പി.വി അബ്ദുവഹാബ് പരസ്യമായി പ്രതികരിച്ചു.
ഇടതുപക്ഷവും തൃണമൂലും എതിർപ്പുയർത്തി
ഏകീകൃത സിവില്‍ കോഡിനായി സമിതി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജെപി അംഗത്തിന്റെ ബില്‍. സഭയില്‍ ബില്‍ അവതരണത്തിനായി അനുമതി തേടിയപ്പോള്‍ തന്നെ സിപിഎമ്മിലേയും ലീഗിലേയും ത്രിണമൂല്‍ കോണ്‍ഗ്രസിലേയും അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തു.
ഇത്തരമൊരു ബില്‍ പ്രകോപിപ്പിക്കാനുള്ള ശ്രമമാണെന്നും ബില്‍ തിരിച്ചെടുക്കാന്‍ തയ്യാറാകണമെന്നും മുസ്ലീം ലീഗ് അംഗം പി.വി അബ്ദുവഹാബ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ബിജെപി അംഗം ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയപ്പോള്‍ അതിനെ എതിര്‍ക്കാന്‍ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആരുമില്ലെന്ന പരാമര്‍ശവും വഹാബ് നടത്തി. തൊട്ടുപിന്നാലെ ജെബി മേത്തര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിലെത്തുകയും ബില്‍ അവതരണത്തെ എതിര്‍ക്കുകയും ചെയ്തു.
നാലു തവണ മാറ്റിവെച്ച ബില്ലാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ രാജസ്ഥാനില്‍ നിന്നുള്ള സ്വതന്ത്ര അംഗം കിരോഡിലാല്‍ മീണയുടെ സ്വകാര്യ ബില്ലിനെതിരെ എളമരം കരീം പരാതി നല്‍കുകയായിരുന്നു. രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാവും ബില്ലെന്ന് എളമരം കരീം കത്തില്‍ ചൂണ്ടിക്കാട്ടി.
പിന്നീട് ഏപ്രിലിലും ബിൽ പരിഗണനയ്ക്ക് വന്നിരുന്നു. രാജ്യത്തിന് ഒരു ഏക സിവിൽകോഡ് ഉണ്ടാക്കാനും നടപ്പാക്കാനും ദേശീയ തലത്തിൽ പരിശോധനയും അന്വേഷണവും നടത്തണം എന്ന് ആവശ്യപ്പെടുന്ന ബില്ലിനാണ് ബിജെപി എംപി കിറോഡി ലാൽ മീണ അവതരണാനുമതി തേടിയത്. സഭാ ചട്ടം 67 പ്രകാരം അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് സിപിഎം എംപിമാരായ എളമരം കരീം, വി. ശിവദാസൻ. സോമപ്രസാദ്, ജോൺ ബ്രിട്ടാസ് എന്നിവർ നൽകിയ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസ് തള്ളിക്കളഞ്ഞ് ചെയർമാൻ വെങ്കയ്യ നായിഡു അജണ്ടയിൽ അതുൾപ്പെടുത്തുകയായിരുന്നു.
ഇന്ന് അനുമതി ശബ്ദവോട്ടോടെ
ശബ്ദ വോട്ടോടെയാണ് ബില്‍ അവതരണത്തിന് അനുമതി ലഭിച്ചത്. വോട്ടെടുപ്പ് വേണമെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. വോട്ടെടുപ്പില്‍ 63 പേര് ബില്‍ അവതരണത്തെ അനുകൂലിച്ചു. 23 പേര് മാത്രമാണ് എതിര്‍ത്തത്. ഇതോടെ കിരോരി ലാല്‍ മീണ ബില്‍ അവതരിപ്പിച്ചു. ഇത് സഭ ചര്‍ച്ചചെയ്യേണ്ടി വരും. സ്വകാര്യ ബില്‍ ആയതിനാല്‍ ബില്ലില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കുകയും ചെയ്യും.


