കർണാടകയിലെ വിവിധ ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന ടിപ്പു സുൽത്താൻ ആരംഭിച്ച പ്രത്യേക പൂജ ‘സലാം ആരതി’ നിർത്തലാക്കുന്നു. തീവ്രഹിന്ദുത്വ നിലപാടിന് വഴങ്ങി ഇനി ‘ആരതി നമസ്‌കാര’ എന്ന പേരിൽ പൂജ തുടങ്ങാനാണ് ബി ജെ പ സർക്കാരിൻ്റെ തീരുമാനം. പേരുമാറ്റിയുള്ള സർക്കുലർ കർണാടക ഹിന്ദു ആരാധനാലയ-ചാരിറ്റബിൾ മന്ത്രി ശശികല ജോള്ളെ ഉടൻ പുറത്തിറക്കുമെന്ന് ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ക്ഷേത്രപൂജാരിമാരുടെയും ഭാരവാഹികളുടെയും സമിതിയായ രാജ്യധാർമിക പരിഷത്തിൽ ഇതിന് ധാരണയുണ്ടാക്കി.
സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളിലും ഇപ്പോഴും സലാം ആരതി പൂജകൾ തുടരുന്നുണ്ട്. പ്രശസ്താമായ കൊല്ലൂർ ശ്രീമൂകാംബിക, പുത്തൂർ ശ്രീ മഹാലിംഗേശ്വര, കുക്കെ സുബ്രഹ്മണ്യ, മാണ്ഡ്യ മേലുകോട്ടെ തുടങ്ങിയ ക്ഷേത്രങ്ങളെല്ലാം ഇവയിൽ ഉൾപ്പെടും. ടിപ്പു സുൽത്താന്റെ കാലത്ത് ആരംഭിച്ച പൂജ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയതിനു പിന്നാലെയാണ് കർണാടക സർക്കാരിൻ്റെ നടപടി.
18-ാം നൂറ്റാണ്ടിൽ മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻ തൻ്റെ ഭരണപ്രദേശങ്ങളുടെയും പ്രജകളുടെയും ക്ഷേമത്തിനായി ആരംഭിച്ചതാണ് സലാം ആരതി പൂജ. ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ ടിപ്പു കൊല്ലപ്പെട്ടു എങ്കിലും പൂജകൾ തുടർന്നു. ടിപ്പുവിൻ്റെയും ഹൈദരലിയുടെയും കാലത്ത് എന്നും വൈകീട്ട് ഏഴു മണിക്കായിരുന്നു പൂജ. സലാം ആരതിക്കു പുറമെ സലാം മംഗളാരതി, ദേവഡിഗെ സലാം തുടങ്ങിയ പൂജകളും ഇത്തരത്തിൽ ആരംഭിച്ചവയാണ്.
മതേതരത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പ്രതീകമായാണ് ഈ പൂജകളെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇവ അടമത്വത്തിൻ്റെ ചിഹ്നമാണെന്ന് പറഞ്ഞാണ് മത തീവ്രസംഘടനകൾ രംഗത്ത് എത്തിയത്. മൂകാംബിക, മേൽക്കോട്ട്, നഞ്ചൻഗുഡ് ക്ഷേത്രങ്ങളിൽ ടിപ്പു സുൽത്താൻ വഴിപാടുകൾ നടത്താറുണ്ടായിരുന്നു.
അതുവരെ ഔദ്യോഗികമായി ആഘോഷിച്ചു വന്നിരുന്ന ടിപ്പു ജയന്തി 2019 ൽ ബി ജെ പി സർക്കാർ നിരോധിച്ചിരുന്നു.


