Monday, February 23, 2026

കെ റെയിൽ പദ്ധതിയെ തകർക്കുന്നത് ബി ജെ പിയുടെ രാഷ്ട്രീയ ലക്ഷ്യം – മുഖ്യമന്ത്രി

കെ റെയിൽ പദ്ധതിക്കെതിരെ രാഷ്ട്രീയ നീക്കം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നീക്കത്തിന് പിന്നിൽ കേന്ദ്രത്തിലെ ഭരണകക്ഷിയുമുണ്ട്. ആദ്യ ഘട്ടത്തിൽ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാർ പിന്നീട് അറച്ചുനിൽക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിൽ ചോദ്യോത്തരവേളയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

നിര്‍ദിഷ്ട കെ-റെയില്‍ പദ്ധതി വരുന്ന പ്രദേശത്തെ ഭൂവുടമകള്‍ക്ക് നിലവില്‍ ഒരു പ്രശ്‌നവുമില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സമരം നടത്തിയ ഭൂവുടമകള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നത് ആലോചനയിലില്ലെന്നും വ്യക്തമാക്കി.

സില്‍വര്‍ലൈന്‍ ഡിപിആര്‍ അപൂര്‍ണ്ണമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെയും റെയില്‍ മന്ത്രാലയത്തിന്റെയും അംഗീകാരത്തോടെയാണ് ഭൂമിയേറ്റെടുക്കല്‍ അടക്കമുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്. അതുകൊണ്ടുതന്നെ ഇതിന് ചെലവഴിച്ച തുക നിയമവിധേയമാണ്. പദ്ധതി മരവിപ്പിച്ചു എന്നത് വ്യക്തമാക്കപ്പെട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ച ശേഷമാകും നടപടികള്‍ ത്വരിതപ്പെടുത്താന്‍ കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ ചില നടപടി സ്വീകരിച്ചു എന്നത് ശരിയാണ്. അത് റെയില്‍വേയുടെയും ധനമന്ത്രാലയത്തിന്റെയും അനുമതി ഒരു തലത്തില്‍ ലഭിച്ചപ്പോള്‍ നടത്തിയതാണ്. കേന്ദ്ര അനുമതി വളരെ വേഗത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അനുമതിക്ക് ശേഷം നടപടികളിലേക്ക് കടക്കുന്നതിന് പകരം അതിന് മുമ്പ് ചെയ്യാന്‍ കഴിയുന്ന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിച്ചത്. എന്നാല്‍, പദ്ധതിക്കെതിരായ രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഭരിക്കുന്ന പാര്‍ട്ടി കൂടി ഉള്‍പ്പെട്ടു. ഇതോടെ അറച്ചുനില്‍ക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. മാത്രമല്ല, ഉത്തരവാദിത്വപ്പെട്ടവര്‍ ഇതിനെതിരെ പറയുന്ന നിലയുമുണ്ടായി. ആ സാഹചര്യത്തില്‍ അനുമതിക്ക് ശേഷമാകാം ബാക്കി കാര്യങ്ങള്‍ എന്ന നിലപാടിലെത്തി. എന്തായിരുന്നാലും ഇന്നല്ലെങ്കില്‍ നാളെ ഇതിന് അനുമതി തരേണ്ടിവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ നടത്തിയ നടപടികളുടെ ഭാഗമായി ആളുകള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകേണ്ട സാഹചര്യമില്ല. ആരുടേയും ഭൂമി ഏറ്റെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ വിജ്ഞാപനം പിന്‍വലിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...