സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തിൽ കോവിഡ് കേസുകളിൽ ഭീഷണിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ നിർദേശത്തിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രത്തിൻ്റെ നിർദേശം വന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കുകയാണ് ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് മൊത്തത്തിൽ കോവിഡ് കേസുകളിൽ വർധനവുണ്ട്. ഈ സാഹചര്യത്തിൽ ജാഗ്രത വേണമെന്നാണ് കേന്ദ്രത്തിന്റെ കത്തിലുള്ളത്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധനവില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കേസുകളിൽ വർധനവ് ഉണ്ടാകുന്നുണ്ടോ എന്ന്പരിശോധിക്കുന്നുണ്ട്. കേസുകളിൽ വർധനവുണ്ടോ, ആശുപത്രി അഡ്മിഷൻ വർധിക്കുന്നുണ്ടോ എന്നു വിലയിരുത്തി മുന്നോട്ടു പോകയാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് പൊതുവേ ഭീഷണമായ സാഹചര്യം വന്നിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് നടപടി കൈക്കൊള്ളും. ജാഗ്രതാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി. കേസുകളിൽ വർധനവുണ്ടെങ്കിൽ കൂടുതൽ പരിശോധനാ സംവിധാനങ്ങൾക്കുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
മറ്റു രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. കോവിഡ് കേസുകൾ കുറവാണെങ്കിലും രോഗം ബാധിക്കാതിരിക്കാൻ സ്വയം ശ്രദ്ധിക്കുന്ന നിലയുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചൈനീസ് വകഭേദം ഒഡിഷയിലും ഗുജറാത്തിലും
അതിനിടെ ചൈനയിൽ രോഗവ്യാപനത്തിന് കാരണമായ ഒമിക്രോൺ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. ഒമിക്രോൺ ബി.എഫ്-7 എന്ന വകഭേദമാണ് സ്ഥിരീകരിച്ചത്. ഗുജറാത്തിൽ രണ്ട് കേസും ഒഡീഷയിൽ ഒരു കേസുമാണ് നിലവിൽ റിപ്പോർട്ട് ചെയ്തത്. അതിവേഗവ്യാപനമാണ് വകഭേദത്തിന്റെ പ്രത്യേകത.
ചൈനയ്ക്ക് പുറമെ, ജപ്പാൻ, അമേരിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടത്. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും നിർദേശമുണ്ട്. രാജ്യത്തെ കോവിഡ് സാഹചര്യം മുൻനിർത്തി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനങ്ങൾ.
കോവിഡ് ഇതുവരെയും അവസാനിച്ചിട്ടില്ലെന്നും ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.