എല്ലാ സർക്കാർ ആസ്പത്രികളിലും ആഴ്ചയിൽ ഒരുദിവസം കാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്ക് സൌകര്യം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കോടിയേരി മലബാർ കാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒങ്കോളജി സയൻസ് ആൻഡ് റിസർച്ച്) നവീകരിച്ച ഒ.പി. സമുച്ചയത്തിന്റെയും നഴ്‌സുമാരുടെയും വിദ്യാർഥികളുടെയും ഹോസ്റ്റലിന്റെയും ഡിജിറ്റൽ പാത്തോളജിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിവാദങ്ങൾക്ക് പിന്നാലെ പോകാനല്ലല്ലോ നമുക്ക് സമയം. നാടിന് ഗുണകരമാകുന്ന പദ്ധതി നടപ്പാക്കുകയെന്നതാണ് പ്രധാനം. അത്തരത്തിൽ കാര്യങ്ങൾ നടപ്പാക്കിയതുകൊണ്ട് ഇന്ന് അനേകായിരങ്ങൾക്ക് പ്രയോജനപ്പെടുന്നു.
ഇതുപോലെ പ്രാരംഭദശയിൽ കാൻസർ കണ്ടെത്താനുള്ള സൗകര്യം സർക്കാർആസ്പത്രികളിൽ ഒരുക്കും. കാൻസർ സെന്റർ, മെഡിക്കൽ കോളേജ്, ജില്ലാ, ജനറൽ, താലൂക്ക് ആസ്പത്രികൾ ഉൾപ്പെടുത്തി ചികിത്സ വികേന്ദ്രീകരിക്കും. കാൻസർ ചെറുക്കുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്കരിക്കും. ലോകത്തിലെ മുൻനിര സ്ഥാപനമായി എം.സി.സി.യെ ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.