വടകര മാർക്കറ്റ് റോഡിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടക്കാത്തെരു
പുതിയാപ്പ സ്വദേശി രാജൻ ( 62 )നാണ് മരിച്ചത്. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത് എന്നു കരുതുന്നു. പഴയ ബസ്റ്റാൻ്റിനടുത്ത് ന്യൂ ഇന്ത്യ ഹോട്ടൽ ലൈനിലാണ് ഇദ്ദേഹത്തിൻ്റെ കട. രാത്രിയും എല്ലാ സമയത്തും ആൾ പെരുമാറ്റമുള്ള സ്ഥലമാണ്.
പതിവ് സമയം കഴിഞ്ഞിട്ടും രാജൻ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ അന്വേഷിച്ച് കടയിൽ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും ബാഗും നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്. ഉപയോഗിച്ചിരുന്ന മോട്ടോർ ബൈക്കും കാണാതായി. മൃതദേഹം വടകര ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.


