കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമല്‍ ധഹല്‍ പുതിയ നേപ്പാള്‍ പ്രധാനമന്ത്രിയാവും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- മാവോയിസ്റ്റ് സെൻ്റർ ചെയര്‍മാനാണ്. പ്രചണ്ഡ എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹത്തെ പ്രധാനമന്ത്രിയായി രാഷ്ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരി അധികാരമേൽക്കാനായി ക്ഷണിച്ചു.
പാര്‍ലമെൻ്റിൽ ഭൂരിപക്ഷം തെളിയിക്കാന്‍ രാഷ്ട്രപതി നേരത്തെ മുന്നണികളോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ് യുണിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയിലാണ് അധികാരമേൽക്കുന്നത്. മറ്റ് ചെറുകക്ഷികളുടെ പിന്തുണയും പ്രചണ്ഡയ്ക്കാണ്. തിങ്കളാഴ്ച വൈകീട്ട് നാലുമണിക്കാണ് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ.
കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ തൂക്കുസഭയായിരുന്നു നേപ്പാളില്‍ നിലവില്‍ വന്നത്. ആദ്യ രണ്ടര വര്‍ഷം പ്രചണ്ഡ പ്രധാനമന്ത്രിയാവുമെന്നാണ് ധാരണ. 275 അംഗ സഭയില്‍ 165 അംഗങ്ങളുടെ പിന്തുണ പ്രചണ്ഡ ഉറപ്പാക്കിക്കഴിഞ്ഞു.
13 വർഷം ഒളിവിൽ കഴിഞ്ഞ മാവോയിസ്റ്റ് നേതാവ്
2008 ലും 2016 ലും പ്രചണ്ഡ മുമ്പ് രണ്ടുതവണ നേപ്പാള്‍ പ്രധാനമന്ത്രിയായിട്ടുണ്ട്. 13 വര്‍ഷത്തോളം ഒളിവിലായിരുന്ന നേതാവാണ് പ്രചണ്ഡ. സി.പി.എന്‍-മാവോയിസ്റ്റ് പാര്‍ട്ടി സായുധ പോരാട്ടം അവസാനപ്പിച്ചതിന് പിന്നാലെയാണ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1996 മുതല്‍ 2006 വരെ മോവോയിസ്റ്റ് രീതികളില്‍ സായുധ പോരാട്ടത്തിന് വേണ്ടി ശ്രമിച്ചു. 2006ല്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. നേപ്പാളി കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ നേരത്തെ തന്നെ പ്രചണ്ഡ തീരുമാനിച്ചിരുന്നു.


