Sunday, February 22, 2026

ഇ പി ജയരാജന് എതിരായ ആരോപണത്തിൽ കള്ളപ്പണം അന്വേഷിക്കേണ്ട കേന്ദ്ര ഏജന്‍സികള്‍ എവിടെ പോയെന്ന് വി ഡി സതീശൻ

ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യ ബാന്ധവം മൂലമാണ് ഇ.പി. ജയരാജനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

ഇ.പി ജയരാജന്‍ കള്ളപ്പണം വെളുപ്പിച്ചെന്നും അനധികൃതമായി സ്വത്ത് സംമ്പാദിച്ചെന്നും സി.പി.എമ്മിലാണ് ആരോപണം ഉയര്‍ന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കേണ്ട കേന്ദ്ര ഏജന്‍സികള്‍ എവിടെ പോയി? സി.പി.എം നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ ഒരു അന്വേഷണവും നടത്തില്ല. ബി.ജെ.പിക്കെതിരെ പൊതുവേദിയില്‍ മാത്രമാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൊടകര കുഴൽപണ കേസ് എവിടെ

രഹസ്യമായി ബി.ജെ.പിയുമായി ബാന്ധവത്തിലേര്‍പ്പെടാന്‍ മുഖ്യമന്ത്രിക്ക് ഒരു മടിയുമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സിപിഎം ബന്ധവമുണ്ടാക്കി. സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെല്ലാം ഒരു സുപ്രഭാതത്തില്‍ അവസാനിച്ചു. ഇതിന് പകരമായി കൊടകര കുഴല്‍പണ കേസ് ബി.ജെ.പി നേതാക്കള്‍ക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാരും അവസാനിപ്പിച്ചു. ഇരു കൂട്ടരും കേസുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ച് ബാന്ധവത്തില്‍ ഏര്‍പ്പെടുകയാണ്. ഇതിന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്. പകല്‍ സംഘപരിവര്‍- സി.പി.എം വിരോധം പറയുകയും രാത്രിയില്‍ സന്ധി ചെയ്യു.കയും ചെയ്യുന്നവരാണ് കേരളത്തിലെ ബി.ജെ.പി- സി.പി.എം നേതാക്കാള്‍, വി.ഡി. സതീശന്‍ പറഞ്ഞു.

ഇ.പി. ജയരാജനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സമരം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

സജി ചെറിയാൻ പറഞ്ഞത് ഗോള്‍വാള്‍ക്കറുടെ വാക്കുകൾ

ആനാവൂര്‍ നാഗപ്പനും വി.വി രാജേഷും ഒന്നിച്ചാണ് വിഴിഞ്ഞത്തെ പാവങ്ങള്‍ക്കെതിരെ സമരം ചെയ്തത്. അദാനിക്ക് വേണ്ടിയാണ് സി.പി.എമ്മും ബി.ജെ.പിയും തിരുവനന്തപുരത്ത് ഒന്നിച്ചത്. ആര്‍.എസ്.എസ് ആചാര്യനെന്ന് അറിയപ്പെടുന്ന ഗോള്‍വാള്‍ക്കര്‍ ‘ബെഞ്ച് ഓഫ് തോട്ട്സ്’ എന്ന പുസ്തകത്തില്‍ ഭരണഘടനയ്ക്ക് എതിരെ പറഞ്ഞിരിക്കുന്ന അതേ കാര്യങ്ങള്‍ പറഞ്ഞതിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്തുപോകേണ്ടിവന്നത്. ഗോള്‍വാള്‍ക്കറുടെ ബെഞ്ച് ഓഫ് തോട്ട്സും സജി ചെറിയാന്റെ പ്രസംഗവും താതമ്യപ്പെടുത്തിയതിന് പ്രതിപക്ഷ നേതാവിനെതിരെ ആര്‍.എസ്.എസ് കേസ് കൊടുത്തിരിക്കുകയാണ്. എന്നിട്ടാണ് അതേ സജി ചെറിയാനെ മന്ത്രി സഭയിലേക്ക് കൊണ്ടു വരുന്നത്. എതിരാളികളെ ഇല്ലായ്മ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന ആര്‍.എസ്.എസും സി.പി.എമ്മും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

സുകുമാരന്‍ നായര്‍ തരൂരിനെ പുകഴ്ത്തിയതില്‍ സന്തോഷമേയുള്ളൂ എന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഏത് കോണ്‍ഗ്രസ് നേതാവിനെയും ആര് പുകഴ്ത്തിയാലും അതിനെ സ്വാഗതം ചെയ്യുന്നു. ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കുന്നത് പരിപാടിയുടെ സംഘാടകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുജാഹിദ് സമ്മേളനം പോലൊരു വേദിയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇപി ജയരാജന്‍ വിഷയത്തില്‍ യുഡിഎഫ് ശക്തമായ സമരത്തിലേക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു.

ശശി തരൂര്‍ കേരള പുത്രനെന്നായിരുന്നു മന്നം ജയന്തി പൊതുസമ്മേളന വേദിയിലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവന. തെരഞ്ഞെടുപ്പ് വേളയില്‍ തരൂരിനെ ഡല്‍ഹി നായര്‍ എന്ന് വിളിച്ചത് തെറ്റാണ്. അത് തിരുത്താനാണ് തരൂരിനെ മന്നം ജയന്തി ഉദ്ഘാടകനായി ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...