രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഉത്തർ പ്രദേശിൽ ലോനി അതിര്‍ത്തിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ സ്വീകരണം.
കോടികളെറിഞ്ഞ് സര്‍ക്കാര്‍ രാഹുലിൻ്റെ ഇമേജ് ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്നാൽ രാഹുലിനെ തകർക്കാൻ കഴിഞ്ഞില്ല. വന്‍കിട വ്യവസായികളായ അദാനിയും അംബാനിയും രാഹുല്‍ ഒഴികെ എല്ലാത്തിനേയും സർക്കാരിന് വേണ്ടി വിലയ്ക്ക് വാങ്ങിയെന്നും പ്രിയങ്ക പറഞ്ഞു.
‘എന്റെ പ്രിയ ജ്യേഷ്ഠാ, ഞാന്‍ നിങ്ങളെയോര്‍ത്ത് വളരയെധികം അഭിമാനം കൊള്ളുന്നു. കാരണം, സര്‍ക്കാര്‍ ആയിരക്കണക്കിന് കോടി രൂപയാണ് നിങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാനായി ചെലവഴിക്കുന്നത്. എന്നാല്‍ സത്യത്തിന്റെ പാതയില്‍നിന്ന് താങ്കള്‍ പിന്തിരിയുന്നില്ല. അദാനിയും അംബാനിയും നേതാക്കളെ വാങ്ങി, പൊതുമേഖല സ്ഥാപനങ്ങളെ വാങ്ങി, മാധ്യമങ്ങളെ വാങ്ങി, പക്ഷേ എന്റെ സഹോദരനെ അവര്‍ക്ക് വിലക്ക് വാങ്ങാന്‍ സാധിച്ചില്ല. അവര്‍ക്കതിന് ഒരിക്കലും സാധിക്കില്ല. അതില്‍ എനിക്ക് അഭിമാനമുണ്ട്’, യാത്രയെ സ്വീകരിച്ചുകൊണ്ട് ലോനിയില് സംസാരിക്കവെ പ്രിയങ്ക പറഞ്ഞു.
അടുത്ത മൂന്ന് ദിവസം ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ പര്യടനം നടത്തും. ജനുവരി ആറിന് ഹരിയാണയിലേക്ക് കടക്കും. തുടര്‍ന്ന് 11 മുതല്‍ 20 വരെ പഞ്ചാബിലാണ് യാത്ര. ഇതിനിടെ ഒരു ദിവസം ഹിമാചല്‍ പ്രദേശിലും പര്യടനമുണ്ട്. ജനുവരി 20-ഓടെ യാത്ര ജമ്മു കശ്മീരിലേക്ക് എത്തുന്നതോടെ സമാപന ഘട്ടമാവും.


