എല്ലാ മതം മാറ്റങ്ങളും നിയമവിരുദ്ധം അല്ലെന്ന് ഓർമ്മപ്പെടുത്തി സുപ്രീം കോടതി. മതം മാറുന്നതിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റിന് സത്യവാങ്മൂലം നല്‍കണമെന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കിയ ഈ ഹൈക്കോടതി വിധിക്ക് എതിരായ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി നിരീക്ഷണം. ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ ജസ്റ്റിസ് മാരായ എം ആര് ഷാ, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വിസ്സമ്മതിച്ചു. എന്നാൽ ഫെബ്രുവരി ഏഴിന് വിശദമായ വാദം കേൾക്കും.
മതം മാറുന്നതിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റിന് സത്യവാങ്മൂലം നല്‍കണമെന്ന് മധ്യപ്രദേശ് സർക്കാർ നിയമം കൊണ്ടു വന്നിരുന്നു. ഇത് ലംഘിക്കുന്നവർക്കെതിരായി ക്രിമിനൽ ശിക്ഷാനടപടി നിബന്ധന ചെയ്യുകയും ചെയ്തു. എന്നാൽ ഹൈക്കോടതി ഇത് റദ്ദാക്കി. വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് എതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കരുതെന്നായിരുന്നു ഹൈക്കോടതി വിധിച്ചിരുന്നത്.
ഹൈക്കോടതി വിധിക്ക് എതിരെ മധ്യപ്രദേശ് സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. മതപരിവര്‍ത്തനം നടത്തിയ ശേഷമുള്ള വിവാഹങ്ങള്‍ വിലക്കിയിട്ടില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ അവകാശപ്പെട്ടത്. വിവാഹത്തിനായി നടക്കുന്ന മതപരിവര്‍ത്തനം ജില്ലാ മജിസ്ട്രേറ്റിനെ അറിയിക്കണമെന്ന് മാത്രമേ നിയമത്തില്‍ വ്യവസ്ഥചെയ്തിട്ടുള്ളുവെന്നും തുഷാര്‍ മേത്ത ഇതിന് ന്യായമായി ചൂണ്ടികാട്ടി.
സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കേസിലെ എതിര് കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഫെബ്രുവരി ഏഴിന് കേസില്‍ വിശദമായി വാദംകേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.


