അഞ്ചാംക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി ദുരുപയോഗംചെയ്തതായുള്ള പരാതിയില്‍ പോക്സോ നിയമപ്രകാരം കേസെടുത്തതോടെ പാർട്ടി നേതാവായ അധ്യാപകൻ ഒളിവിൽ. കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും മുസ്ലിം യൂത്ത്ലീഗ് നേതാവുമായ കുമരനെല്ലൂര്‍ സ്വദേശി സമദി(40)നെതിരേയാണ് കേസെടുത്തത്. ഒളിവില്‍പ്പോയ അധ്യാപകനു വേണ്ടി ചങ്ങരംകുളം പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.
വട്ടംകുളം പഞ്ചായത്തിലെ അഞ്ചാംക്ലാസ് വരെയുള്ള ഒരു വിദ്യാലയത്തിലെ ഒന്‍പതു കുട്ടികളാണ് അധ്യാപകനെതിരേ മൊഴി നല്‍കിയത്. ഇതുപ്രകാരം ഒന്‍പതു കേസുകളാണ് അധ്യാപകനെതിരേ എടുത്തിട്ടുള്ളത്. അധ്യാപകന് ക്ലാസില്‍വെച്ച് മോശമായി പെരുമാറുന്നതു സംബന്ധിച്ച് കുട്ടികള്‍ മറ്റധ്യാപകരോട് പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളില്‍നിന്ന് വിശദമായി മൊഴിയെടുത്താണ് ചങ്ങരംകുളം പോലീസിന് വിവരം നല്‍കിയത്. കുട്ടികളുടെ രക്ഷിതാക്കളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


