പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. ഇതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി. കേന്ദ്ര നിയമം നിലനിൽക്കെ സംസ്ഥാന സർക്കാർ നിരോധനത്തിന് പ്രസക്തിയില്ലെന്ന വാദം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടി.
പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിൻ്റെ ഭാഗമായായിരുന്നു സര്‍ക്കാര്‍ 60 ജി.എസ്.എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ചിരുന്നത്. പ്രകൃതിക്കും ജീവനും ഭീഷണിയായി ഇവയുടെ അനിയന്ത്രിത ഉപയോഗം വഴിവെച്ചിരുന്നു.
കടകളിൽ ഉപയോഗിക്കുന്നവയുടെ നിരോധനം റദ്ദാവില്ല
സംസ്ഥാനത്തെ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പൂർണമായി തടഞ്ഞുകൊണ്ട് സംസ്ഥാന സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ അറുപത് ജി എസ് എമ്മിന് മുകളിലുളള നോൺ വൂവൺ ക്യാരി ബാഗുകൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ അടുത്തയിടെ നിയമഭേദഗതി കൊണ്ടുവന്നു. തുണിക്കടകളിലും മറ്റും ഉപയോഗിച്ചിരുന്ന പുനരുപയോഗ സാധ്യതയുളള ക്യാരി ബാഗുകളാണ് അറുപത് ജി എസ് എമ്മിന് മുകളിൽ വരിക.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി നിലനിൽക്കെ സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിന് നിയമപരമായി പ്രസക്തിയില്ല എന്നായിരുന്നു ഹൈക്കോടതിയിലെ ഹർജിയിലെ പ്രധാന വാദം. ഇത്തരം ക്യാരി ബാഗ് നിർമാതാക്കളും ചില സ്വകാര്യ വ്യക്തികളുമാണ് കോടതിയെ സമീപിച്ചത്. കേന്ദ്ര നിയമ ഭേദഗതി നിലനിൽക്കെ സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിന് പ്രസക്തിയില്ലെന്ന കണ്ടെത്തലോടെയാണ് അറുപത് ജി എസ്എമ്മിന് മുകളിലുളള ക്യാരിബാഗുകളുടെ നിരോധനം റദ്ദാക്കിയത്.
സാധാരണ കടകളിലും മറ്റും കൊടുക്കുന്ന ക്യാരിബാഗുകളുടെ നിരോധനം തുടരും. നശിക്കുന്നില്ല എന്നതുമാത്രമല്ല പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നുഎന്നതുമാണ് പ്രധാന കാരണം.
പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടപ്രകാരം കേന്ദ്ര സര്‍ക്കാരിനാണ് ഇത്തരത്തില്‍ നിരോധനങ്ങളോ നിയന്ത്രണങ്ങളോ കൊണ്ടുവരാനുള്ള അധികാരമെന്ന് കോടതി അംഗീകരിച്ചു. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാര്‍ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


