പുതുശ്ശേരിയില്‍ കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ പടിഞ്ഞാറത്തറ കുപ്പാടിത്തറയില്‍ മയക്കുവെടിവെച്ച് പിടികൂടിയതിന് പിന്നാലെ വീണ്ടും കടുവ ഭീതി. ഇത്തവണ മാനന്തവാടി നഗരസഭ പരിധിയിൽ കടന്നാണ് കടുവയുടെ ആക്രമണം. മൂന്നാംവാര്‍ഡായ പിലാക്കാവ് മണിയന്‍ക്കുന്നിൽ കടുവ ഒരു പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തി.
ഉച്ചക്ക് രണ്ട് മണിയോട് അടുത്താണ് കടുവ എത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മണിയന്‍കുന്ന് നടുതൊട്ടിയില്‍ ദിവാകരന്റെ രണ്ട് വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. കടുവ തന്നെയാണ് പശുവിനെ ആക്രമിച്ചതെന്ന് ദിവാകരന് പറഞ്ഞു. വീടിന് സമീപത്തെ എസ്റ്റേറ്റില്‍ മേയാന്‍ വിട്ടതായിരുന്നു. തേയില തോട്ടത്തില്‍ നിന്നും ചാടി വീണ കടുവ പശുവിനെ കടിച്ചു. തൊഴിലാളികൾ ഉണ്ടായിരുന്നവര്‍ ബഹളം വെച്ചപ്പോള്‍ ഓടിപോകുകയുമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലും എസ്റ്റേറ്റില്‍ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. വനത്തിൽ നിന്നും ഒരു കിലോമീറ്റര്‍ മാറിയുള്ള പ്രദേശമാണ്. സ്വാകാര്യ വ്യക്തികളുടേതായി നാനൂറോളം ഏക്കര്‍ എസ്റ്റേറ്റ് ഇതിനിടയിലുണ്ട്. ശനിയാഴ്ച പശുവിനെ കൊന്ന അതേ പ്രദേശത്ത് നിന്നാണ് മുമ്പ് ആടിനെയും, പശുവിനെയും കടുവ വകവരുത്തിയത്.
കഴിഞ്ഞ നവംബര്‍ നാലിന് വട്ടക്കുനിയില്‍ ജോണ്സണ് എന്ന ബിജുവിന്റെ ആടും, നവംബര്‍ 17ന് ഊന്നുകല്ലിങ്കല്‍ കുമാരന്റെ പശുക്കിടാവിനെയുമാണ് പിലാക്കാവ് മണിയന് കുന്നില്‍ വെച്ച് കടുവ കൊന്നത്. നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് കൂട് സ്ഥാപിക്കാനും നോര്‍ത്ത് വയനാട് ഡി.എഫ്.ഒയോട് എം.എല്‍.എ നിര്‍ദേശിച്ചു.
രണ്ട് മാസത്തിനിടെ മൂന്ന് വളര്‍ത്തുമൃഗങ്ങളാണ് മണിയന്‍കുന്നുകാര്‍ക്ക് നഷ്ടപ്പെട്ടത്. നവംബറില്‍ ആദ്യം കടുവയുടെ ആക്രമണം ഉണ്ടായപ്പോള്‍ തന്നെ വനാതിര്‍ത്തിയില്‍ വൈദ്യുത കമ്പിവേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രദേശത്ത് ആനശല്ല്യവും രൂക്ഷമായിരുന്നു. കടുവ ആക്രമണത്തില്‍ കര്ഷകന് കൊല്ലപ്പെട്ടതോടെ വന്യമൃഗ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിയാതെ വനംവകുപ്പും അങ്കലാപ്പിലാണ്. വന്യമൃഗങ്ങള്‍ ജനവാസമേഖലയിലെത്തിയാല്‍ തുരത്താനോ മയക്കുവെടിവെച്ച് പിടികൂടാന്‍ പരിശീലനം സിദ്ധിച്ച കൂടുതല്‍ ഉദ്യോഗസ്ഥര്‍ വയനാട്ടില്‍ ഇല്ലാത്തതും പ്രതിസന്ധിയാണ്.
വന്യമൃഗങ്ങൾ ക്രമാതീതമായി വർധിച്ചിരിക്കയാണ്. ഇതുവരെ ഇല്ലാത്ത ആക്രമണങ്ങളും നാശനഷ്ടങ്ങളുമാണ് ഉണ്ടാവുന്നത്. ഇതിനെതിരെ നടപടി വാഗ്ദാനം ചെയ്ത് മന്ത്രിയുടെ തന്നെ പ്രസ്താവന ഉണ്ടായി എങ്കിലും ഇനിയും നാശനഷ്ടങ്ങൾ നേരിടേണ്ടി വരും എന്ന ഭീതിയിലാണ് നാട്ടുകാർ.


