സുരങ്ക നിര്‍മാണത്തിലൂടെ പ്രശസ്തനായ കാസര്‍കോട് ബീമ്പുങ്കാല്‍ നീര്‍ക്കയ കുഞ്ഞമ്പു (74) അന്തരിച്ചു.
ജലശേഖരണ രീതിയായ ‘സുരങ്ക’ യുടെ നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ളവരില്‍ അപൂര്‍വ്വം ഒരാളായിരുന്നു കുഞ്ഞമ്പു.16 വയസ്സുമുതല്‍ സ്വന്തമായി തുരങ്കനിര്‍മാണം തുടങ്ങിയ കുഞ്ഞമ്പു അമ്പത് വര്‍ഷത്തോളം അദ്ദേഹം ഈ രംഗത്തു പ്രവർത്തിച്ചു. കാസര്‍ഗോഡ് ജില്ലയിലും കണ്ണൂര്‍, ദക്ഷിണ കര്‍ണാടകം എന്നിവിടങ്ങളിലുമായി ആയിരത്തിലേറെ സുരങ്കങ്ങളാണ് അദ്ദേഹം നിര്‍മിച്ചിട്ടുള്ളത്.
യുനസ്‌കോയുടെ സംരക്ഷിക്കപ്പെടേണ്ട പൈതൃകങ്ങളുടെ നിരീക്ഷണ പട്ടികയില്‍ പെട്ട സുരങ്കകളുടെ പുനരുദ്ധാരണത്തിന് നേതൃത്വം നല്‍കിയത് കുഞ്ഞമ്പുവായിരുന്നു. ഈ രംഗത്തെ പ്രവര്‍ത്തനത്തിന് നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
പരേതരായ കോമന്റെയും കൊട്ടിയയുടെയും മകനാണ്. ഭാര്യ: ശാരദ, മക്കള്‍: രതീഷ്, വാസന്തി, ദയാമണി. മരുമക്കള്‍: ശ്രീധരന്‍, തമ്പാര്‍, ദിവ്യ.

എന്താണ് സുരങ്ക
ഭൂമിക്കടിയില്‍ നീളമേറിയ തുരങ്കം നിര്‍മിച്ച് ഭൂഗര്‍ഭ ജലത്തെ വെളിയിലേക്ക് ഒഴുക്കിക്കൊണ്ടുവരുന്ന രീതിയാണ് കാസർകോട്, ദക്ഷിണ കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ സുരങ്ക എന്ന് അറിയപ്പെടുന്നത്. കിണറിനു പകരം ഭൂമിയുടെ ചരിവുള്ള സ്ഥലങ്ങളില്‍നിന്ന് വെള്ളത്തിെൻറ ഉറവുള്ള സ്ഥലത്തേക്ക് മണ്ണു മാന്തി തുരങ്കമുണ്ടാക്കി വെള്ളം പുറത്തേക്ക് കൊണ്ടുവരുന്നു. ഇത് ടാങ്കുകളില്‍ ശേഖരിച്ച് കൃഷി ആവശ്യങ്ങള്‍ക്കും വീട്ടാവശ്യങ്ങള്‍ക്കുമെല്ലാം ഉപയോഗിക്കുന്നു. നിരവധി ആളുകൾക്കാണ് ഓരോ കൊല്ലവും ഇത് സഹായകരമാകുന്നത്. ഭൂമിയില്‍ വെള്ളമുള്ള സ്ഥലം നിര്‍ണയിക്കുകയാണ് ആദ്യം ചെയ്യുക. തുടര്‍ന്ന് ഭൂമിയുടെ കിടപ്പനുസരിച്ച് ചരിവുള്ള സ്ഥലത്തുനിന്ന് ജലലഭ്യത നിര്‍ണയിച്ച സ്ഥലത്തിെൻറ ആഴത്തിലേക്ക് തുരങ്കമുണ്ടാക്കുന്നു. കാലങ്ങളായുള്ള പരിചയത്തിലൂടെ സ്വായത്തമാക്കിയതാണ് ജലമുള്ള സ്ഥാനം നിര്‍ണയിക്കാനുള്ള ഈ കഴിവ്. കിണറുകള്‍ ഭൂമിക്കടിയിലേക്ക് കുത്തനെയാണ് നിര്‍മിക്കുന്നതെങ്കില്‍ സുരങ്ക ഭൂമിക്ക് തിരശ്ചീനമായി നിര്‍മിക്കുന്നു.
ദക്ഷിണ കര്‍ണാടകം ഉൾപ്പെടുന്ന ഈ മേഖലയില്‍ തുരങ്ക നിര്‍മാണരീതി പരിചയപ്പെടുത്തിയത് അറബികളാണെന്ന് കരുതപ്പെടുന്നു. ഇത്തരത്തിലുള്ള പരമ്പരാഗത ജലശേഖരണ രീതികൾ പ്രകൃതിക്ക് കോട്ടം തട്ടാതെ ജലം ശേഖരിക്കാന്‍ സഹായിക്കുന്നു. കട്ടികൂടിയ ചെങ്കല്ലും കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശത്ത് മലഞ്ചെരിവ് തുരന്ന് വെള്ളം ശേഖരിക്കുകയായിരുന്നു പ്രായോഗികം. തുരങ്കങ്ങളിലൂടെ ശേഖരിക്കപ്പെടുന്ന ജലത്തിെൻറ ഗുണത്തിലും വലിയ വ്യത്യാസമുണ്ടെന്നും പറയപ്പെടുന്നു. അഞ്ച് കോല്‍ മുതല്‍ 240 കോല്‍ വരെ ഭൂമിയുടെ അകത്തേക്ക് തുരന്നുചെന്ന സുരങ്കകള്‍ കാസര്‍കോടുണ്ട്. ഇവ 3000ത്തിലധികം വരുമെന്നാണ് അനൗദ്യോഗിക കണക്ക്.


