ലഹരിക്കേസില്‍ മകൻ എക്‌സൈസ് പിടിയിലായ വിവരം അറിഞ്ഞ് അമ്മ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശി ഗ്രേസ് ക്ലമന്റ് (55) ആണ് മരിച്ചത്.
നാലു ഗ്രാം എം ഡി എംഎയുമായി ഇവരുടെ മകന്‍ ഷൈനോയെ ഇന്നലെ വൈകീട്ട് എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഷൈനോ സ്ഥിരമായി ലഹരി വില്‍പ്പന നടത്താറുണ്ടെന്ന കണ്ടെത്തലിലാണ് എക്‌സൈസ്. വിവരം അറിഞ്ഞ് സങ്കടത്തിലായി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് ഗ്രേസ് ആത്മഹത്യ ചെയ്തത്.
ആത്മഹത്യാ ശ്രമം ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ ഉടന്‍ കയറ് കഴുത്തില്‍ നിന്ന് ഊരിമാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എം ഡി എം എ എന്ന ചതിക്കുഴി
ഹാലൂസിനോജനായ മെസ്‌കാലിന്‍, മെത്താമെഫ്റ്റമിന്‍ എന്നിവയുടെ കെമിക്കല്‍ സ്ട്രക്ച്ചറിനോട് സാമ്യമുള്ള സിന്തറ്റിക്, സൈക്കോ ആക്ടീവ് ലഹരി മരുന്നാണ് എംഡിഎംഎ. എംഡിഎംഎ ഉപയോഗിച്ചാല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ സജീവമാകും. രണ്ട് ദിവസം വരെ ഇതിന്റെ സ്വാധീനം നിലനില്‍ക്കും. മോളി എന്നും അറിയപ്പെടുന്ന എംഡിഎംഎ, എക്സ്റ്റസി എന്നറിയപ്പെടുന്ന മറ്റൊരു ലഹരിമരുന്ന് ഉപയോഗിച്ച ശേഷം മേമ്പൊടിയായാണ് പൊതുവേ ഉപയോഗിക്കാറുള്ളത്.
തലച്ചോറിലെ രാസ ഘടന തകർത്ത് തുടക്കം
തലച്ചോറിലെ നാഡികള്‍ തമ്മില്‍ വിവരം കൈമാറുന്ന രാസപദാര്‍ത്ഥങ്ങളായ സെറോടോണിന്‍, ഡോപോമിന്‍, നോര്‍എപ്പിനെഫ്രിന്‍ എന്നിവയിലാണ് നേരിട്ട് എംഎഡിഎംഎ സ്വാധീനം ചെലുത്തുക. ഉയര്‍ന്ന മാനസികാവസ്ഥ, സഹാനുഭൂതി, വൈകാരിക അടുപ്പം എന്നിവ ഉണ്ടാവാന്‍ കാരണമായ രാസപദാര്‍ത്ഥമാണ് സെറോടോണിന്‍. അതിനാല്‍, എംഡിഎംഎ ഉപയോഗിക്കുന്നതോടെ മൂഡിനേയും എനര്‍ജിയേയും വിശപ്പിനേയും ലൈംഗിക ഉത്തേജനത്തേയും ഉറക്കത്തേയും ഹൃദയത്തിന്റെ മിടിപ്പിനേയും രക്ത സമ്മര്‍ദ്ദത്തേയുമെല്ലാം ഇത് ബാധിക്കുന്നു.
ടാബ്ലെറ്റ്/ ക്യാപ്‌സൂള്‍ രൂപത്തിലും ക്രിസ്റ്റല്‍ രൂപത്തിലും പൊടിയായും എംഡിഎംഎ ലഭിക്കുന്നുണ്ട്. വെള്ളത്തില്‍ കലര്‍ത്തിയും കത്തിച്ച് വലിച്ചും മൂക്കിലൂടെ വലിച്ചും എംഡിഎംഎ ഉപയോഗിക്കാറുണ്ട്. അപൂര്‍വ്വം ചില ആളുകള്‍ കുത്തിവെയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എംഡിഎംഎയുടെ ഫലം ഉപയോഗിക്കുന്ന വ്യക്തി, ഉപയോഗിക്കുന്ന സാഹചര്യവും അന്തരീക്ഷവും ഇതിന്റെ ഫലത്തെ ആശ്രയിച്ച് മാറും.
ഉയര്‍ന്ന ആനന്ദം, ആത്മവിശ്വാസം, ഊര്‍ജ്ജം എന്നിവയാണ് ഉപയോഗിക്കുന്നവരില്‍ ഉണ്ടാക്കും. ആദ്യത്തെ ഉപയോഗത്തില്‍ വായയിലെ തൊലി അടര്‍ന്നുപോകും. എംഡിഎംഎ ഫലം പോവുന്നതോടെ ഉറക്കം കുറയുകയും കൂടുതലായി ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. വലിയ തോതിൽ നിർജലീകരണം സംഭവിക്കും. സ്ഥിരമായി ഉപയോഗിക്കുന്നവരുടെ പല്ലുകൾ ദ്രവിച്ച് കൊഴിയും.
വിഷം കലർത്തി വീര്യം കൂട്ടുന്ന കുക്കിങ്
സ്ഥിരമായി ഉപയോഗിക്കുന്നത് മൂന്ന് വര്‍ഷത്തിനുള്ളില്‍ മരണം സംഭവിച്ചേക്കാന്‍ വരെ കാരണമാവുന്നു. കേരളത്തില്‍ ഉപയോഗം കൂടിയതോടെ എംഡിഎംഎ കുക്കിംഗും വര്‍ധിച്ചതായി വിവരമുണ്ട്. മൊത്തമായി ശേഖരിക്കുന്ന എംഡിഎംഎയില്‍ നിരോധിതമായ ചില രാസപദാര്‍ഥങ്ങള്‍ കൂടി ചേര്‍ത്ത് ശക്തി വര്‍ധിപ്പിക്കുന്നതിനെയാണ് എംഡിഎംഎ കുക്കിംഗ് എന്ന് വിളിക്കുന്നത്. ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീട് ഉപയോഗം നിര്‍ത്താന്‍ കഴിയാത്ത രീതിയില്‍ അടിമകളാക്കാന്‍ ഈ കുക്കിംഗിലൂടെ സാധിക്കുന്നു.


