ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് തുടരവെ പ്രോട്ടോക്കോള്‍ പ്രകാരമുള്ള റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഒഴിവാക്കി തെലങ്കാന. കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പരേഡ് ഗ്രൗണ്ടില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തണമെന്ന ഹൈക്കോടതി ഉത്തരവും കണക്കിലെടുക്കാതെ മുഖ്യമന്ത്രി പ്രതിഷേധം കനപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാണിച്ച് ചടങ്ങ് റദ്ദാക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇവയൊന്നും കണക്കിലെടുക്കാതെ ഗവർണറുമായുള്ള പ്രശ്നങ്ങള്‍ മൂലം മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.
ചടങ്ങിന്റെ ഭാഗമാകാന്‍ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ കത്തയച്ചിരുന്നെങ്കിലും ആരും പ്രതികരിച്ചില്ല. തുടര്‍ന്ന് രാജ്ഭവനില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ തനിയെ പതാക ഉയര്‍ത്തി.
ചടങ്ങുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് പ്രസംഗം വായിക്കാന്‍ അയയ്ക്കുന്ന കീഴ്‌വഴക്കവും ഇപ്രാവശ്യം ലംഘിക്കപ്പെട്ടു. ചടങ്ങിനു ദിവസങ്ങൾ മുൻപേ മുഖ്യമന്ത്രിയുടെ നിലപാടിനെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ‘സംസ്ഥാന ബജറ്റ് വരുന്നു, റിപ്പബ്ലിക് ദിനാഘോഷവും വരുന്നു, ഒരു ഗവർണർ എങ്ങനെ ബഹുമാനിക്കപ്പെടുമെന്നു നോക്കാം’, എന്നാണ് അവർ പറഞ്ഞത്. തന്റെ പക്കൽ എത്തിയിരിക്കുന്ന ബില്ലുകളെക്കുറിച്ച് തീരുമാനിക്കണമെങ്കിൽ ആദ്യം മുഖ്യമന്ത്രി പ്രോട്ടോക്കോൾ എന്തിനു ലംഘിക്കുന്നെന്ന് വിശദീകരിക്കട്ടെയെന്നും തമിഴിസൈ പറഞ്ഞിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് തന്നെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് അവര്‍ മുന്നറിയിപ്പും നൽയിരുന്നു.
2019-ലായിരുന്നു തെലങ്കാന ഗവര്‍ണറായി തമിഴിസൈ സൗന്ദരരാജന്‍ ചുമതലയേല്‍ക്കുന്നത്. ഇക്കാലയളവില്‍ സംസ്ഥാന സര്‍ക്കാരുമായുള്ള ഗവര്‍ണറുടെ ബന്ധം മോശമായിരുന്നു. കഴിഞ്ഞ വര്‍ഷവും കോവിഡ് പ്രോട്ടോക്കോള്‍ ചൂണ്ടിക്കാണിച്ച് പരേഡ് ഗ്രൗണ്ടിലെ ചടങ്ങ് സർക്കാർ ഉപേക്ഷിച്ചിരുന്നു.


