Sunday, February 22, 2026

“ദേശീയത ഉയർത്തി രാഷ്ട്രത്തെ കൊള്ളയടിക്കുന്നു”- അദാനിക്ക് മറുപടിയുമായി ഹിൻഡൻബർഗ്

തങ്ങളുടെ ഗവേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകൾ ‘ഇന്ത്യക്കെതിരായ ആക്രമണം’ എന്ന് ആരോപിച്ച അദാനി ഗ്രൂപ്പിന് യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് നൽകിയ മറുപടി രാഷ്ട്രീയ ചർച്ചയാവുന്നു. ദേശീയതയുടെ മറവില്‍ രാഷ്ട്രത്തെ ആസൂത്രിതമായി കൊള്ളയടിക്കുന്ന അദാനി ഗ്രൂപ്പാണ് ഇന്ത്യയുടെ ഭാവിയെ പിന്നോട്ടടിക്കുന്നതെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് മറുപടി.

കാതലായ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്. ദേശീയത ചൂണ്ടികാണിച്ച് ഞങ്ങളുടെ റിപ്പോര്‍ട്ട് ഇന്ത്യയ്ക്കെതിരായ കണക്കുകൂട്ടിയുള്ള ആക്രമണമെന്നും അവര്‍ പറയുന്നു. ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ ഒരാളാണ് തട്ടിപ്പ് നടത്തുന്നതെങ്കില്‍പ്പോലും അത് ഒരു വഞ്ചനയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, വ്യക്തമായി പറഞ്ഞാല്‍, ഇന്ത്യ ഊര്‍ജസ്വലമായ ജനാധിപത്യവും മഹത്തായ ഭാവിയുള്ള ഉയര്‍ന്നുവരുന്ന ഒരു മഹാശക്തിയുമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതായും ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ 413 പേജുള്ള പ്രതികരണത്തില്‍ ഇത് ഏതെങ്കിലും പ്രത്യേക കമ്പനിയ്ക്കെതിരായ അനാവശ്യ ആക്രമണമല്ല, മറിച്ച് ഇന്ത്യയ്ക്കെതിരായ കണക്കുകൂട്ടിയുള്ള ആക്രമണമാണ് എന്നായിരുന്നു അദാനി ഗ്രൂപ്പ് പറഞ്ഞത്. ഇന്ത്യന്‍ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം, വളര്‍ച്ച, ഇന്ത്യയുടെ അഭിലാഷം എന്നിവയക്കെതിരെയുള്ള നീക്കമാണെന്നായിരുന്നു അദാനി വിശദീകരണം.

ജനുവരി 24 നാണ് അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് 106 പേജുള്ള റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്. അദാനി ഗ്രൂപ്പിന്റെ ‘അപകടമായ ഓഹരി കൃത്രിമത്വവും അക്കൗണ്ടിങ് തട്ടിപ്പും’ ചൂണ്ടിക്കാണിച്ചായിരുന്നു റിപ്പോര്‍ട്ട്.

ഗൗതം അദാനിയും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട കൂട്ടുകുടുംബ വ്യവസായത്തെ കൃത്രിമ കണക്കുകളിലൂടെ രാജ്യത്തെതന്നെ വന്‍ കോര്‍പ്പറേറ്റ് സാമ്രാജ്യമായി ഉയര്‍ത്തിയെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ഓഹരിവിലയില്‍ ഷെല്‍ കമ്പനികള്‍ വഴി കൃത്രിമം നടക്കുന്നു. കണക്കുകള്‍ പലതും വസ്തുതാപരമല്ല തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നത്. ഇതേ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ വിപണിമൂല്യത്തില്‍ കോടികളുടെ നഷ്ടമുണ്ടാക്കിയിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...