മദ്യലഹരിയിൽ ബൈക്ക് ഓടിച്ച് ഭീതി സൃഷ്ടിച്ച യുവാവ് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നതിനിടെ എസ് ഐയുടെ ചെവി കടിച്ചു മുറിച്ചു. നാട്ടുകാർ പൊലീസിൽ പിടിച്ചേൽപ്പിച്ച മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ് (48) ആണ് പൊലീസ് ജീപ്പിൽ അക്രമം കാണിച്ചത്.
കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ എസ്.ഐ. എം.വി. വിഷ്ണുപ്രസാദിന്റെ ചെവി പ്രതിയുടെ കടിയേറ്റ് അറ്റ് തൂങ്ങി. മദ്യലഹരിയിൽ സ്റ്റനി ഓടിച്ചിരുന്ന ബൈക്ക് ഉളിയത്തടുക്കയിൽവെച്ച് ഒരു വാനുമായി കൂട്ടിമുട്ടി. അപകടത്തെ തുടർന്ന് ഇയാളെ പെരുമാറ്റത്തിലെ പിശക് മനസിലാക്കി നാട്ടുകാർ തടഞ്ഞു. വിവരമറിഞ്ഞ് എസ്.ഐ.യും സംഘവുമെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
ഇതോടെ പ്രതി അക്രമാസക്തനായി. പൊലീസ് ജീപ്പിൽ കയറ്റി തുടർനടപടികൾക്കായി സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് എസ്.ഐ.ക്ക് നേരെ തിരിഞ്ഞത്.
പരിക്കേറ്റ എസ്.ഐ.യെ കാസർകോട് സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചെവിയിൽ തുന്നിട്ടതിനുശേഷം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.


