പുതിയ ഹജ്ജ് നയത്തിൽ അപേക്ഷാ ഫീസ് ഒഴിവാക്കി. നേരത്തെ 400 രൂപ ഇതിനായി ഈടാക്കിയിരുന്നു. വിഐപി ക്വാട്ട ഇനി മുതൽ ഉണ്ടാവില്ല. എല്ലാവർക്കും ഒരേ പരിഗണനയാവും. കോഴിക്കോടിനെ എംബാർക്കേഷൻ പോയിൻ്റിൽ നിന്നും ഒഴിവാക്കുന്ന പതിവും നിർത്തലാക്കി. ഇനി കോഴിക്കോടും കണ്ണൂരും കൊച്ചിക്ക് ഒപ്പം എംബാർക്കേഷൻ പോയിൻ്റാവും.
മുതിര്‍ന്ന പൗരന്മാര്ക്കും അംഗപരിമിതര്‍ക്കും വനിതകള്‍ക്കും പുതിയ നയത്തില്‍ മുന്‍ഗണന വാഗാദാനം ചെയ്തിട്ടുണ്ട്. ബാഗ്, സ്യൂട്ട്കെയ്സ്, കുട തുടങ്ങിയ വസ്തുകള്‍ക്കായി തീര്‍ത്ഥാടകര്‍ പണം നല്‍കേണ്ടതില്ല. സ്വന്തം നിലക്ക് ഈ വസ്തുക്കള്‍ ഹാജിമാര്‍ക്ക് വാങ്ങാം.
ഹജ്ജ് കച്ചവടക്കാർക്ക് തിരിച്ചടി
ഇന്ത്യക്കായി അനുവദിച്ചിട്ടുള്ള ഹജ്ജ് ക്വാട്ടയില്‍ 80 ശതമാനം ഹജ്ജ് കമ്മിറ്റിക്ക് കീഴിലും 20 ശതമാനം സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ക്കുമായാണ് വീതിച്ച് നല്‍കിയിട്ടുള്ളത്. തിങ്കളാഴ്ച ചേർന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് കരടിന് അംഗീകാരം നൽകിയത്. ഹജ്ജ് നയത്തിന്റെ കരട് ഒരുമാസംമുമ്പ് പുറത്തിറക്കിയിരുന്നു.
1,75 025 പേർക്കാണ് ഇത്തവണ ഇന്ത്യയിൽ നിന്നും ഹജ്ജിന് ക്വാട്ട അനുമതി ലഭിച്ചിട്ടുള്ളത്. രണ്ടോ മൂന്നോ ദിവസത്തിനകം ഹജ്ജിന് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. ഡിജിറ്റൽ അപേക്ഷ തുടങ്ങുന്നതിനു മുമ്പാണ് നവംബർ ഒന്നിന് അപേക്ഷ സ്വീകരിച്ചിരുന്നതെന്നും ഹജ്ജ് നയം വൈകിയതുമൂലം വിശ്വാസികൾക്ക് പ്രയാസമുണ്ടായെന്ന പ്രചാരണങ്ങളിൽ അടിസ്ഥാനമില്ലെന്നും അദ്ദേഹം അറിയിച്ചു.
ഉയർന്ന ഫീസ് വാങ്ങുന്നതടക്കം നിരവധി പരാതികൾ സ്വകാര്യ ഗ്രൂപ്പുകൾക്കെതിരെ ഉയർന്ന സാഹചര്യത്തിലാണ് അവരുടെ ക്വാട്ട 30ൽ നിന്ന് 20 ശതമാനമാക്കി കുറച്ചതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
കാശ് പിരിച്ചുള്ള കുടയും ബാഗും വേണ്ട, കയ്യിൽ ഉണ്ടായാൽ മതി
ഹജ്ജ് തീർഥാടനത്തിന്റെ ചെലവ് പരമാവധി ചുരുക്കാനുള്ള ചില തീരുമാനങ്ങളെടുത്തുവെന്നും ഇതുമൂലം അര ലക്ഷത്തോളം രൂപയുടെ എങ്കിലും കുറവ് ഈ വർഷം ഓരോ തീർഥാടകനുമുണ്ടാകുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഇതിന്റെ ഭാഗമായി ഹാജിമാർക്ക് കുട, ബാഗ്, എന്നിവയെല്ലാം ഹജ്ജ് കമ്മിറ്റി നൽകുന്ന സമ്പ്രദായം ഈ വർഷമുണ്ടാകില്ലെന്നും വലിയ അഴിമതിയാണ് ഇതിന്റെ പേരിൽ നടന്നിരുന്നതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ബാഗ് വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി മൂന്ന് ഡെപ്യൂട്ടി സി.ഇ.ഒമാരെ പുറത്താക്കിയിരുന്നു. അതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
ഹാജിമാരിൽനിന്ന് കാശ് വാങ്ങി ബാഗും കുടയും കൊടുക്കുന്നതിന് പകരം അവർ തന്നെ ബാഗും കുടയും കൊണ്ടുവന്നാൽ മതി. ഹാജിമാരിൽനിന്ന് ഇന്ത്യൻ രൂപ വാങ്ങി സൗദി റിയാൽ ആക്കി കൈവശം വെക്കാൻ കൊടുക്കുന്ന ഏർപ്പാടും ഇത്തവണയുണ്ടാകില്ല.
കഴിഞ്ഞ വർഷം 65 വയസ്സിൽ താഴെ ഉള്ളവർക്ക് മാത്രമായിരുന്നു ഹജ്ജിന് അവസരം ലഭിച്ചിരുന്നത്. ഇതോടെ, ആയിരക്കണക്കിന് അപേക്ഷകർക്ക് അവസരം നിഷേധിക്കപ്പെട്ടിരുന്നു.
കൊവിഡ് സാഹചര്യത്തിൽ പരിമിതപ്പെടുത്തിയ ഹജ്ജ് തീർഥാടകരുടെ എണ്ണം പൂർവസ്ഥിതിയിലാക്കാൻ ഈയിടെ സഊദി ഹജ്ജ്- ഉംറ മന്ത്രാലയം തീരുമാനം പുറപ്പെടുവിച്ചിരുന്നു. നേരത്തെ 26 ലക്ഷത്തിൽ പരം ആളുകൾ ഹജ്ജിനായി സഊദിയിൽ എത്തിയിരുന്നു. എന്നാൽ, 2020, 2021, 2022 എന്നീ വർഷങ്ങളിൽ പരിമിതമായ ആളുകൾക്ക മാത്രമാണ് ഹജ്ജിന് അവസരമുണ്ടായിരുന്നത്. ഈ വർഷം ഇന്ത്യയിൽ നിന്ന് മാത്രം 1.75 ലക്ഷം തീർഥാടകർക്ക് അവസരം ലഭിക്കും.
ഇത്തവണ ജൂൺ 26 മുതൽ ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടനം ആരംഭിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
ആദ്യ യാത്രികർക്ക് പരിഗണന
നേരത്തെ ഒരു തവണ ഹജ്ജ് ചെയ്തവര്‍ക്ക് ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ വീണ്ടും ഹജ്ജിന് അപേക്ഷ നല്കാന് കഴിയില്ല.
കണ്ണൂരില്‍ ഇതാദ്യമായിട്ടാണ് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി വരുന്നത്. കോഴിക്കോട് ഒരിടവേളക്ക് ശേഷവും. ഏറ്റവും അധികം യാത്രികരുള്ള കോഴിക്കോട് വിമാനത്താവളത്തെ പലവിധി കാരണങ്ങൾ പറഞ്ഞ് തഴയുന്നതായിരുന്നു തന്ത്രം.


