Wednesday, February 25, 2026

അദാനി ഗ്രൂപ്പിൻ്റെ അഴിമതി ചർച്ച ചെയ്യാൻ ഭയം, സംരക്ഷകർ ആരെന്ന് ജനങ്ങൾക്ക് അറിയാം – രാഹുൽ ഗാന്ധി

അദാനി ​ഗ്രൂപ്പിനെക്കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. കഴിഞ്ഞ രണ്ടുവർഷമായി താൻ ഈ വിഷയം ഉന്നയിക്കുന്നുണ്ട്. ജനങ്ങൾക്ക് സത്യം അറിയേണ്ടതുണ്ട്. ലക്ഷക്കണക്കിന് കോടികളുടെ അഴിമതിയാണ്. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ തന്നെ ഒരു മനുഷ്യനാൽ അട്ടിമറിക്കപ്പെടുകയാണ്. ഇതിനു പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാം എന്നും രാഹുൽ തുറന്നടിച്ചു.

“അദാനി ​ഗ്രൂപ്പിന് പിന്നിലുള്ള ശക്തികളാരെന്ന് നമുക്കറിയാം. ഭയം കൊണ്ടാണ് കേന്ദ്രസർക്കാർ ഈ വിഷയം ചർച്ച ചെയ്യാത്തത്. അദാനി ജീയെക്കുറിച്ച് ഒരു ചർച്ചയും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ മോദി ജീ ശ്രമിക്കുന്നുണ്ട്”. രാഹുൽ ​ഗാന്ധി പറഞ്ഞു. അദാനി വിഷയത്തില്‍ പാര്‍ലമെന്‍റിനകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ ചര്‍ച്ച വേണമെന്ന ആവശ്യം തള്ളിയതോടെ പ്രക്ഷുബ്ധമായ ലോക്‍സഭയും രാജ്യസഭയും രണ്ട് മണിവരെ നിര്‍ത്തിവെച്ചിരുന്നു.

അദാനിക്കെതിരെ അന്വേഷണം വേണമെന്നും വിവാദത്തില്‍ വിശദമായ ചര്‍ച്ച നടത്തണമെന്നും ലോക്സഭയിലും രാജ്യസഭയിലും ആവശ്യമുയര്‍ന്നു. ചര്‍ച്ചയില്ലെന്ന് സഭാധ്യക്ഷന്മാര്‍ വ്യക്തമാക്കിയതോടെ ബഹളം ശക്തമാകുകയായിരുന്നു. തുടർന്നാണ് ഇരുസഭകളും നിര്‍ത്തിവെച്ചത്. പ്രതിപക്ഷം നിയമത്തെ വെല്ലുവിളിക്കുകയാണെന്നും സഭയില്‍ നടക്കുന്നത് ജനം കാണുന്നുണ്ടെന്നും രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ കുറ്റപ്പെടുത്തി.

ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ടുണ്ടാക്കിയ ഷോക്ക് അദാനി ഗ്രൂപ്പ് മറികടന്നിട്ടില്ല. ഓഹരി വിപണിയിൽ നിന്ന് ഇതിനോടകം 10 ലക്ഷം കോടിയിലേറെ നഷ്ടമായി. ഓഹരികൾക്കൊപ്പം അദാനിയുടെ ബോണ്ടുകളും അന്താരാഷ്ട്രമാർക്കറ്റിൽ വൻ വീഴ്ചയാണ് നേരിടുന്നത്. എസിസി അംബുജാ സിമന്‍റ്സ് കമ്പനികളെ ഏറ്റെടുക്കാൻ 53,000 കോടി രൂപയാണ് കഴിഞ്ഞ വർഷം അദാനി വ്യായ്പ എടുത്തിട്ടുള്ളത്. ഈ വായ്പ പുനക്രമീകരിക്കുന്നതിന് കരുതൽ ധന ശേഖരത്തിൽ നിന്ന് പണം ഗണ്യമായി ചെലവിടേണ്ട സാഹചര്യത്തിലേക്ക് കമ്പനി എത്തിയെന്നാണ് റിപ്പോർട്ടുകൾ. വിദേശ ബോണ്ടുകളിലൂടെ 41,000 കോടി രൂപ സമാഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് ഉപേക്ഷിക്കേണ്ടി വന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...