പന്തീരങ്കാവ് യു.എ.പി.എ കേസില്‍ പ്രതിയായ അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍.ഐ.എ) ആവശ്യം കോടതി തള്ളി. റാഗിങ്ങുമായി ബന്ധപ്പെട്ട കേസില്‍ അലന്റെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു എന്‍.ഐ.എയുടെ ആവശ്യം. നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് അലന് എന്‍.ഐ.എ കോടതി മുന്നറിയിപ്പ് നൽകി വിട്ടു.
കണ്ണൂര്‍ പാലയാട് ലോ കോളജിലെ എസ് എഫ് ഐ കേസ് ചൂണ്ടിക്കാട്ടിയാണ് അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ കൊച്ചിയിലെ പ്രത്യേക കോടതിയെ സമീപിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചു എന്നായിരുന്നു എന്‍.ഐ.എ ചൂണ്ടിക്കാട്ടിയത്. എസ്.എഫ്.ഐ പ്രവര്‍ത്തകരുമായി കോളേജിലെ വിദ്യാര്‍ഥിയായ അലന് റാഗിങ്ങിനെ ചൊല്ലി സംഘര്ഷമുണ്ടാക്കിയതായ് കേസ് എടുത്തിരുന്നു. എന്നാൽ ഇത് മനപൂർവ്വം പ്രതി ചേർത്തതാണ് എന്ന് ആരോപണം ഉണ്ടായി.
എസ് ഏഫ് ഐ ഇടപെടലിനെ തുടർന്ന് അലന് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നേരത്തെ പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അലന് ജാമ്യം അനുവദിക്കുമ്പോള്‍ കോടതി ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്നതായിരുന്നു ഇതില്‍ പ്രധാനം.
റാഗിങ്ങുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി കൊച്ചിയിലെ പ്രത്യേക കോടതിയെ സമീപിക്കുകയായിരുന്നു.


