മൂഡ്സ്വിങ്സ് എന്നാൽ മാനസിക നിലയിലെ ഒരു അനിശ്ചിതത്വം എന്നതിനെക്കാൾ വരുത്തി കൂട്ടുന്ന വിന എന്ന് വിലയിരുത്തുന്നവരുണ്ട്. അടിക്കടിയുള്ള മനസ്സിന്റെ ഈ ചാഞ്ചാട്ടം മെച്ചപ്പെടുത്താൻ വിദഗ്ധരുടെ സഹായം തേടുന്നവരുമുണ്ട്. എന്നാൽ ഇത് വ്യക്തി സ്വന്തം തന്നെ സൃഷ്ടിക്കുന്നതും പലപ്പോഴും സ്വയം പരിഹാരം തേടാവുന്നതുമാണ് എന്ന് പഠനങ്ങൾ പറയുന്നു.
സാധാരണ നിലയിലുള്ള മൂഡ്സ്വിങ്ങിന് ഏറ്റവും ഫലപ്രദമായ ഔഷധം സൌഹൃദമാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ നല്ല സൗഹൃദങ്ങൾക്കുള്ള സ്ഥാനം ഏറ്റവും പ്രധാനമാണ് എന്നതാണ് പഠനം.
കാൻസാസ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ദിവസത്തിൽ ഒരിക്കലെങ്കിലും സുഹൃത്തുക്കളോട് നന്നായി സംസാരിക്കുക വഴി സമ്മർദം കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും കഴിയും.
ബന്ധങ്ങൾക്കിടയിലുള്ള മൂല്യവത്തായ ആശയവിനിമയത്തെ ആസ്പദമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. ബന്ധങ്ങൾ എന്നത് വെറും പരിചയങ്ങൾ അല്ല. പരസ്പര സൌഹൃദങ്ങളാണ്. ഇതിനെയാണ് പഠന വസ്തുവാക്കിയത്.
കാൻസാസിലെ കമ്മ്യൂണിക്കേഷൻ സ്റ്റഡീസ് വിഭാഗം പ്രൊഫസറായ ജെഫ്രി ഹാൾ ആണ് പഠനത്തിന് നേതൃത്വം നൽകിയത്. ജെഫ്രി ഹാളിനൊപ്പം അമാൻഡ ഹോംസ്ട്രോം, നടാലി പെന്നിങ്ടൺ, ഇവാൻ പെറോൾട്ട്, ഡാനിയൽ ടോട്സ്കേ എന്നിവരും പഠനത്തിൽ പങ്കാളികളായി. കമ്മ്യൂണിക്കേഷൻ റിസർച്ച് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
900 പേർക്കിടയിൽ മഹാമാരിക്കാലത്തെ ലോക്ക്ഡൗൺ സമയത്തും അതിനു മുമ്പും ശേഷവും എന്ന കാലയളവിലാണ് പഠനം നടത്തിയത്. സുഹൃത്തുക്കളുമായി അർഥവത്തായ സംസാരത്തിൽ ഏർപ്പെടുക, തമാശ പറയുക, കരുതൽ പ്രകടിപ്പിക്കുക, അവരെ കേൾക്കുക, അവർക്കും അവരുടെ വാക്കുകൾക്കും പ്രാധാന്യം നൽകുക, പ്രശംസിക്കുക തുടങ്ങിയ കാര്യങ്ങളാണ് പഠനത്തിൽ പങ്കാളികളായവർക്ക് ചെയ്യാൻ നൽകിയിരുന്ന എക്സസൈസ്.
ഒരു ദിവസം ഇവയിലേതെങ്കിലും തരത്തിൽ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തണം. അന്നുരാത്രി തന്നെ അവരുടെ മാനസിക വികാരം എപ്രകാരമാണെന്നും സമ്മർദത്തെയും ഉത്കണ്ഠയെയും തനിച്ചാകലിനെയും കുറിച്ചെല്ലാം വിവരങ്ങൾ പഠന സംഘം ശേഖരിച്ചു. സുഹൃത്തുക്കളുമായി സംസാരിച്ചതിനുശേഷം ഉണ്ടായ മാനസിക നിലയും ലാഘവത്വവും പഠിച്ചു.
ഏതുരീതിയാണ് സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ സ്വീകരിച്ചത് എന്നതിനേക്കാൾ അവർക്കൊപ്പം സമയം ചെലവിടുക എന്നതു തന്നെയാണ് പ്രധാനമെന്ന് ഗവേഷകർ വ്യക്തമാക്കി. സുഹൃത്തുക്കളെ കേൾക്കുന്നതും അവരോട് കരുതൽ കാണിക്കുന്നതും അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതുമൊക്കെ വ്യക്തികളിൽ സന്തോഷം നിറയ്ക്കുന്നു എന്നാണ് കണ്ടെത്തിയതെന്ന് ജെഫ്രി ഹാൾ പറയുന്നു.
സുഹൃത്തുക്കളുമായി മൂല്യവത്തായി സമയം ചെലവഴിക്കുന്നവരിൽ മാനസികാരോഗ്യം നിശ്ചയമായും മെച്ചപ്പെടുമെന്ന് ജെഫ്രി അഭിപ്രായപ്പെട്ടു. . ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ സാമൂഹിക മാധ്യമത്തിലൂടെയോ ഒക്കെ സുഹൃത്തുക്കളിലേക്ക് എത്തിച്ചേരാൻ കഴിയും. ഈ നിരയിലുള്ള ബന്ധങ്ങൾ വളരുന്നുമുണ്ട്. എന്നാൽ ഈ മാർഗ്ഗത്തിൽ ശ്രമിക്കുന്നതിനേക്കാൾ നേർക്കുനേരെയുള്ള ആശയവിനിമയം തന്നെയാണ് മാനസികാരോഗ്യത്തിന് ഏറ്റവും കരുത്ത് പകരുന്നത് എന്നും പഠന സംഘം കണ്ടെത്തി.