30 ലക്ഷത്തിനാണ് മിന്നുവിനെ ഡല്‍ഹി സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നിവരും മിന്നുവിന് പിന്നാലെയുണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹി മനസിലുറപ്പിച്ചപ്പോള്‍ എതിരാളികള്‍ പിന്മാറി.
പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റിന്റെ താരലേലത്തില്‍ കേരളത്തിന് അഭിമാനമായി മിന്നു മണി. മാനന്തവാടി ചോയിമൂല സ്വദേശിനി മിന്നു മണിയെ 30 ലക്ഷം രൂപ ലേല തുക നൽകിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെടുത്തത്.
വനിതാ ഐ.പി.എല്ലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യമലയാളി
റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളും മിന്നുവിനായി രംഗത്തുണ്ടായിരുന്നു. ഒടുവില്‍ 30 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തെ സ്വന്തമാക്കി. ചോയിമൂല എടപ്പടി മാവുംകണ്ടി മണിയുടെയും വസന്തയുടെയും മകളാണ് മിന്നു മണി.
നിലവില്‍ ഇന്‍ര്‍സോണ്‍ വനിതാ ക്രിക്കറ്റ് മത്സരത്തില്‍ ദക്ഷിണമേഖലാ ടീം അംഗമാണ് മിന്നു മണി. ഹൈദരാബാദില്‍ മത്സരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കേയാണ് മിന്നുവിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കുന്നത്. ഇന്‍ര്‍സോണ്‍ വനിതാ ക്രിക്കറ്റ് മത്സരത്തില്‍ വെസ്റ്റ് സോണുമായുള്ള മത്സരത്തില്‍ 73 റണ്‍സുമായി നോട്ടൗട്ടാണ് മിന്നു മണിയുടെ നേട്ടം.
മാനന്തവാടി ജി.വി.എച്ച്.എസില്‍ പഠിക്കുമ്പോള്‍ കായികാധ്യാപിക കെ.എം. എല്‍സമ്മയാണ് മിന്നുവിനെ ക്രിക്കറ്റിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. മികവ് തെളിയിച്ചതോടെ ക്രിക്കറ്റ് അക്കാദമിയില്‍ സെലക്ഷനും കിട്ടി. ഒമ്പത്, പത്ത് ക്ലാസുകള്‍ തൊടുപുഴ ക്രിക്കറ്റ് അക്കാദമിയിലും പ്ലസ്വണ്, പ്ലസ്ടു ബത്തേരി സര്‍വജന ഹയര്‍സെക്കന്‍ഡറി സ്കൂളിലും പഠിച്ചു. വഴുതക്കാട് വിമെന്‍സ് കോളേജിലാണ് ബിരുദത്തിനു ചേര്‍ന്നത്. ഇതിനോടകം ഇന്ത്യന്‍ വനിതാ എ ടീം, ചലഞ്ചേഴ്സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യ ബ്ലൂവിനുവേണ്ടി സീനിയര്‍ വിഭാഗത്തിലും അണ്ടര്‍ 23 വിഭാഗത്തിലും മിന്നു മണി ക്രീസിലിറങ്ങിയിട്ടുണ്ട്. ശ്രീലങ്കയില്‍ നടന്ന എമര്‍ജിങ് ഏഷ്യാ കപ്പ് മത്സരത്തിലും കളിച്ചിട്ടുണ്ട്.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജൂനിയര്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം, യൂത്ത് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം, പ്രോമിസിങ് പ്ലെയര്‍ പുരസ്കാരം എന്നിവയും മിന്നുവിനെ തേടിയെത്തിയിട്ടുണ്ട്.
അവസരം ഒപ്പം ഉയരാനുള്ള അവസരം
ഇരുന്നൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് പരിചയമുളള ഇതിഹാസ താരങ്ങളായ ഓസ്ട്രേലിയയുടെ മെഗ് ലാന്നിംഗ്, ദക്ഷിണാഫ്രിക്കയുടെ മരിസാനെ കാപ്പ്, ഇന്ത്യന്‍ താരങ്ങളായ ജമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ, ശിഖ പാണ്ഡെ, രാധാ യാദവ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ടീമാണ് ഡല്‍ഹി കാപിറ്റല്‍സ്. ഇത്രത്തോളം ഉയര്‍ന്ന തലത്തില്‍ കളിക്കുന്ന താരങ്ങള്‍ക്കൊപ്പം ഡ്രസിംഗ് റൂം പങ്കിടാന്‍ കഴിയുന്നത് തന്നെ വലിയ ഭാഗ്യമാണെന്നാണ് മിന്നു പറയുന്നത്.
ഓഫ് സ്പിന്നര്‍ കൂടിയായ ഈ ഇരുപത്തിമൂന്നുകാരി കേരളത്തിനായി അണ്ടര്‍ 16 മുതലുള്ള എല്ലാ വിഭാഗത്തിലും കളിച്ചു. ചരിത്രത്തിലാദ്യമായി കേരളം അണ്ടര്‍ 23 ചാംപ്യന്മാരായപ്പോള് ടൂര്‍ണമെന്റിലെ ടോപ് സ്കോററായിരുന്നു മിന്നു. ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനം ചാലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ബ്ലൂ ടീമിലും ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനിലും ഇന്ത്യ എ ടീമിലുമെത്തിച്ചു.


