കെ.ആര്.നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയര്‍മാനായി പ്രശസ്ത സംവിധായകന് സയീദ് അക്തര്‍ മിര്‍സയെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണന് സ്ഥാനമൊഴിഞ്ഞിരുന്നു. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായിരുന്നു മിർസ.
മിര്സയേപ്പോലൊരു ചലച്ചിത്ര പ്രതിഭയുടെ സാന്നിധ്യം കെ.ആര് നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ചൊരു വഴിവിളക്കാകുമെന്ന് മന്ത്രി ആര് ബിന്ദു പറഞ്ഞു. കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ദേശീയ തലത്തിലെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് സര്‍ക്കാര്‍ കരുതുന്നതായും മന്ത്രി പറഞ്ഞു.
നിരവധി ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ മിര്‍സ 2021-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയ ജൂറി ചെയര്‍മാനുമായിരുന്നു.
ഇന്ത്യൻ സിനിമ-ടെലിവിഷൻ രംഗത്തെ അതികായന്മാരിൽ ഒരാളായി കരുതപ്പെടുന്ന വ്യക്തിയാണ് സയീദ് അക്തർ മിർസ. എൺപതുകളിലും തൊണ്ണൂറുകളിലും ഹിന്ദിയിൽ നിരവധി ശ്രദ്ധേയമായ സമാന്തര സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മോഹൻ ജോഷി ഹസീർ ഹോ( 1984), ആൽബർട്ട് പിന്റോ കോ ഗുസ്സാ ക്യൂൻ ആതാ ഹേ (1980), സലീം ലംഗ്ഡേ പേ മത് രോ (1989), നസീം (1995) എന്നിവ ശ്രദ്ധേയമായ സിനിമകളിൽ ചിലതാണ്. നസീമിന് 1996 ൽ രണ്ട് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.
ദൂരദർശനിൽ ശ്രദ്ധേയമായ ടെലിവിഷൻ പരമ്പരകളും സയീദ് അക്തർ സംവിധാനം ചെയ്തിട്ടുണ്ട്. നൂക്കഡ് (1986), ഇൻതിസാർ( 1988) എന്നിവ ഇതിൽ ശ്രദ്ധേയമാണ്. പൂനെ ഫിലിം ഇൻസ്റ്റ്യൂട്ട് പൂർവ വിദ്യാർത്ഥിയായിരുന്ന മിർസ പിന്നീട് സ്ഥാപനത്തിൽ അധ്യാപകനായും ചെയർമാനായും സേവനമനുഷ്ഠിച്ചു.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിക്കപ്പെട്ട സയ്യിദ് അഖ്തർ മിർസ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ചലചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് ഷാജി എന്‍ കരുണും ഒപ്പമുണ്ടായിരുന്നു.


