മലയാള സിനിമയിൽ വെള്ളിയാഴ്ച പുതിയ സിനിമകളുടെ ദിവസമാണ്. എന്നാൽ ഈ വെള്ളിയാഴ്ച മറ്റ് എല്ലാ വെള്ളിയാഴ്ചകളെയും കടത്തി വെട്ടി. റിലീസാകുന്ന സിനിമകളുടെ എണ്ണത്തിൽ കോവിഡ് കാലത്തിൻ്റെ ക്ഷീണം തീർത്തു. കോവിഡിന് ശേഷം മലയാള സിനിമയിൽ ഏറ്റവും അധികം സിനിമകൾ റീലിസ് ചെയ്ത ദിവസമായി ഫെബ്രുവരി 24 വെളളിയാഴ്ച.
ഒൻപത് സിനിമകളാണ് ഇന്ന് കേരളത്തിൽ റിലീസായത്.
സിനിമാ രംഗത്ത് ഉള്ളവരുടെ ആരുടെയും ഓർമ്മയിൽ ഇത്രയും സിനിമകൾ ഒന്നിച്ച് റിലീസ് ചെയ്ത ഓർമ്മയില്ല. കോവിഡിന് മുൻപ് സിനിമ സജീവമായിരുന്ന ഘട്ടത്തിലും ഇത്രയും ചിത്രങ്ങൾ ഒരേ ദിവസം പുറത്തിറങ്ങാറില്ല. എല്ലാം മലയാള സിനിമകളുമാണ്.
ആദിൽ അഷ്റഫ് സംവിധാനം ചെയ്ത ഷറഫുദ്ധീനും ഇടവേളക്ക് ശേഷം ഭാവനയും മുഖ്യവേഷത്തിലെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’, ഷൈൻ ടോം ചാക്കോയും സംയുക്തയും മുഖ്യവേഷത്തിലെത്തുന്ന മനു സുധാകരൻ സംവിധാനം ചെയ്ത ‘ബൂമറാങ്’, ഐജി മിനി സംവിധാനം ചെയ്ത ‘ഡിവോഴ്സ്’, ശ്രീവല്ലഭന്റെ ‘ധരണി’, സി നെറ്റോ എഴുത്തും സംവിധാനവും നിർവഹിച്ച ‘ഏകൻ’, അനിഖ മുഖ്യവേഷത്തിലെത്തുന്ന ആൽഫ്രഡ് ഡി സാമുവലിന്റെ ‘ഓ മൈ ഡാർലിംഗ്’, ഇടവേളക്ക് ശേഷം നിത്യ ദാസ് മടങ്ങിയെത്തുന്ന അനിൽ കുമ്പഴയുടെ ‘പള്ളിമണി’, അർജുൻ അശോകനും അനശ്വരയും പ്രധാന വേഷങ്ങളിലെത്തുന്ന നിഖിൽ മുരളിയുടെ ‘പ്രണയ വിലാസം’, അജിത് തോമസ് സംവിധാനം ചെയ്ത ‘സന്തോഷം’ ഇനീ സിനിമകളാണ് ഇന്ന് വെള്ളിത്തിരയിൽ എത്തിയത്.
എന്നാൽ, ഇത്രയധികം സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്യുന്നത് നിർമാതാക്കൾക്ക് സാമ്പത്തികമായി അത്ര താത്പ്യമുള്ള കാര്യമല്ല. കാണേണ്ടവർ വീതം വെച്ചു പോകുന്നത് ബിസിനസിന് അത്ര നല്ലതല്ല.


