എഐസിസിയിലേക്ക് കെ സുധാകരനും വി ഡി സതീശനും സമര്‍പ്പിച്ച കേരളത്തിലെ നേതാക്കളുടെ പട്ടികയില്‍ പുനഃപരിശോധനയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. പട്ടികയ്‌ക്കെതിരെ എ, ഐ വിഭാഗങ്ങള്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ഇത്. ദേശീയ നേതൃത്വം സമവായത്തിലൂടെ പ്രവര്‍ത്തക സമിതി അംഗങ്ങളെ നിശ്ചയിക്കാനുള്ള ശ്രമത്തിലാണ്.
പ്രശ്‌നപരിഹാരത്തിന് കേരളത്തില്‍ നിന്നുള്ള നേതാക്കളെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ ചര്‍ച്ച നടന്നിരുന്നില്ല.
കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ 60 അംഗ പട്ടികയാണ് സമർപ്പിച്ചിരുന്നത്. എന്നാല്‍ 50 ല്‍ കൂടുതലാവാന്‍ പാടില്ലെന്നാണ് ദേശീയ നേതൃത്വമെടുത്ത നിലപാട്. പത്തു പേരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് മാറ്റി ക്ഷണിക്കപ്പെട്ടതനുസരിച്ച് പത്തുനേതാക്കളെ കൂട്ടിച്ചേർക്കുകയാണ് കേന്ദ്ര നേതൃത്വം ചെയ്തത്. എന്നാല്‍ ഇവര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനായില്ല. കൂടുതല്‍ അര്‍ഹതയുള്ള ആളുകള്‍ ഉണ്ടായിരുന്നെന്നാണ് ദേശീയ നേതൃത്വത്തിന് സമർപ്പിച്ച പരാതിയില്‍ ഉന്നയിക്കപ്പെട്ടത്.
ഈ സാഹചര്യത്തിൽ അംഗങ്ങളെ അന്തിമമായി നിശ്ചയിക്കുന്നതിന് മുമ്പ് വിശദമായ ചർച്ച നടത്താൻ തീരുമാനം. പ്രധാന നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷൻ ആശയവിനിമയം നടത്തും. പ്രവർത്തകസമിതി പ്രഖ്യാപനത്തിൽവിവാദം ഒഴിവാക്കുക ലക്ഷ്യം. പ്ലിനറി സമ്മേളനത്തിൽ പ്രവർത്തകസമിതി അംഗങ്ങളെ പ്രഖ്യാപിക്കില്ല.
റായിപൂരിൽ നടക്കുന്ന കോൺഗ്രസിന്റെ പ്ലിനറി സമ്മേളനം ഇന്ന് അവസാനിക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് സമ്മേളനത്തിന് തിരശില വീഴുക. ഇന്ന് രാവിലെ പ്ലിനറി സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളിൽ പൊതു ചർച്ച തുടരും.


