സ്വകാര്യവ്യക്തികള്‍ക്കോ മതസ്ഥാപനങ്ങള്‍ക്കോ ആനകളെ സ്വന്തമാക്കാനോ പരിപാലിക്കാനോ അനുമതിയില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. വ്യക്തികളോ മതസ്ഥാപനങ്ങളോ ആനകളെ കൈവശം സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പരിസ്ഥിതി, വനംവകുപ്പ് സെക്രട്ടറിയ്ക്ക് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദേശം നല്‍കുകയും ചെയ്തു.
സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളുടേയും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥയിലുള്ള ആനകളെ ഉടനടി പരിശോധിക്കാനും ഉത്തരവ് നൽകി.
ക്ഷേത്രങ്ങളുടേയും സ്വകാര്യവ്യക്തികളുടേയും കീഴിലുള്ള എല്ലാ ആനകളേയും സര്‍ക്കാരിൻ്റെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള സമയമായി. ഇതിനായി ഉയര്‍ന്നിട്ടുള്ള ആവശ്യത്തിന് അനുകൂലമായ തീരുമാനം സ്വീകരിക്കണം. ഹിന്ദു റിലിജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്സ് വകുപ്പുമായി ചേര്‍ന്ന് ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും പരിസ്ഥിതി, വനംവകുപ്പ് സെക്രട്ടറിയ്ക്ക് കോടതി അയച്ച നോട്ടീസില്‍ പറഞ്ഞു.
60 വയസ് പ്രായമുള്ള ലളിത എന്ന പിടിയാനയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആനയെ അതിന്റെ പാപ്പാനില്‍ നിന്ന് വേര്‍പിരിക്കേണ്ടതില്ലെന്ന് മധുര ബെഞ്ച് നിർദ്ദേശിച്ചു. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കൊപ്പം ലളിതയെ അടുത്തിടെ സന്ദര്‍ശിച്ച ജസ്റ്റിസ് ജി.ആര്. സ്വാമിനാഥന് ആനയുടെ ശരീരത്തിലെ മുറിവുകള്‍ കാണ്ടത് വാർത്തയായിരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ആനയ്ക്ക് വേണ്ട സംരക്ഷണം നല്കാന് വിരുധുനഗര്‍ ജില്ലാ കളക്ടര്‍ക്ക് അന്ന് നിർദ്ദേശം നൽകുകയും ഉണ്ടായി.
കേരളത്തിൽ ഉൾപ്പെടെ ബാധകമാകാവുന്ന വിധിയാണ്. ആനകളെ പ്രാകൃത രീതിയിൽ വിശ്വാസത്തിൻ്റെയും പ്രൌഡിയുടെയും പേരിൽ ചൂഷണം ചെയ്യുന്നത് തുടരുകയാണ്. തൃശൂർ ഇരിഞ്ഞാടൻ പള്ളി ക്ഷേത്രത്തിൽ യന്ത്ര ആനയെ എഴുന്നള്ളിച്ചതിന് തൊട്ടു പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി.


