കോവിഡ് കാലഘട്ടത്തിൽ ഏറ്റവും അധികം പേർക്ക് പ്രയോജനം ചെയ്ത വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്ഫോം ആയ സൂമിൽ പ്രതിസന്ധി തുടരുന്നു. കമ്പനി പ്രസിഡൻ്റിനെ തന്നെ പിരിച്ചു വിട്ടതാണ് ഏറ്റവും പുതിയ വാർത്ത. കഴിഞ്ഞ മാസം 1300 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പ്രസിഡന്റ് ഗ്രെഗ് ടോംപിനെ പിരിച്ചുവിട്ടതെ്നന് ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു.
കാരണം വ്യക്തമാക്കാതെയായിരുന്നു പിരിച്ചുവിടൽ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗ്രെഗ് 2022 ജൂണിലാണ് സൂമിൽ പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. ഗൂഗിളിലും സാപ്പിലും ഉന്നത പദവികൾ വഹിച്ച വ്യക്തിയാണ്.
2011-ലാണ് സൂം കമ്പനി രൂപീകരിക്കുന്നത്. കോവിഡ് കാലത്ത് വിദ്യാർഥികൾ അടക്കമുള്ളവർ ഏറെ ആശ്രയിച്ചിരുന്ന ഒരു പ്ലാറ്റ് ഫോം കൂടിയായിരുന്നു സൂം. ഇതിന് ശേഷം ഉപഭോക്താക്കൾ കൊഴിഞ്ഞു. ആപ്ലിക്കേഷനിൽ പുതുമകളോ പുതിയ കാലത്തിൻ്റെ ആവശ്യം അറിഞ്ഞുള്ള മാറ്റമോ കമ്പനിക്ക് കഴിഞ്ഞില്ല. തുടർന്ന് വൻ തോതിൽ പിരിച്ചു വിടൽ കമ്പനിയിൽ നടന്നു വരികയായിരുന്നു. ഫെബ്രുവരിയിൽ കമ്പനിയുടെ 15 ശതമാനം ആളുകൾ, 1300 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.


