ജി 20 സമ്മേളനത്തിന് ഒരുക്കം തുടങ്ങി; പതിറ്റാണ്ടുകളായി തെരുവിൽ കഴിയുന്നവരെ കുടിഒഴിപ്പിക്കാൻ അധികാരികളും പൊലീസ് സേനയും ഇറങ്ങി

നാഗ്പൂരിൽ ജി20 യോഗത്തിന് മുന്നോടിയായി ഭിക്ഷാടകർക്കും ഭവനരഹിതർക്കും വിലക്ക് ഏർപ്പെടുത്തി പൊലീസും അധികാരികളും. തെരുവോരങ്ങളിൽ കഴിയുന്ന ഭവനരഹിതർ, ഭിക്ഷാടകർ, നാടോടികൾ എന്നിവർ നഗരപരിധിയ്ക്ക് പുറത്തുപോകണമെന്ന് കർശന ഉത്തരവ് പുറപ്പെടുവിച്ചു.

ട്രാഫിക് ഐലൻഡുകളിലും ഡിവൈഡറുകളിലും പണം ആവശ്യപ്പെടുന്നതും ഭിക്ഷാടനം നടത്തുന്നതും ക്രിമിനൽ നടപടിയായി കരുതാൻ ഉത്തരവ് നൽകി. ഇതു സംബന്ധിച്ച് മാർച്ച് എട്ടിനാണ് നാഗ്പൂർ പോലീസ് കമ്മീഷണറുടെ ഓഫീസ് സർക്കുലർ പുറപ്പെടുവിച്ചത്. ഐപിസി സെക്ഷൻ 188 പ്രകാരമുള്ള നടപടികളും പ്രസക്തമായ വകുപ്പുകളും അവർക്കെതിരെ സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു. മാർച്ച് ഒൻപത് മുതൽ ഏപ്രിൽ 30 വരെ പ്രാബല്യം നൽകിയാണ് ഉത്തരവ്. ട്രാഫിക് സിഗ്നലുകളിലും പൊതുവിടങ്ങളിലും പണം യാചിക്കുന്നതും കുറ്റകരമാവും.

യശ്വന്ത് സ്റ്റേഡിയം, കസ്തൂർചന്ദ് പാർക്ക് എന്നിവയുൾപ്പെടെയുള്ള നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ഭവനരഹിതരോട് നഗരം വിടാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്നു പതിറ്റാണ്ടായി തെരുവിലുള്ള പത്ത് കുടുംബങ്ങൾ

“നിരവധി വിദേശികൾ നഗരം സന്ദർശിക്കുമെന്നും അതിനാൽ നിങ്ങൾ​ നഗരം വിട്ടുപോകണമെന്നും ഞങ്ങളോട് പറഞ്ഞു. രണ്ട് മാസം കഴിഞ്ഞ് മാത്രമേ തിരിച്ചെത്താൻ പാടുള്ളൂ എന്നാണ് പറയുന്നത്,” നാഗ്പൂരിൽനിന്ന് അമരാവതിയിലേക്ക് പോകാൻ നിർബന്ധിതരായ പാർധി സമുദായത്തിൽ നിന്നുള്ള പ്രീതി ഭോസാലെ പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെയായി യശ്വന്ത് സ്റ്റേഡിയത്തിൽ മറ്റു 10 കുടുംബങ്ങൾക്കൊപ്പമാണ് തന്റെ താമസമെന്നും പ്രീതി പറഞ്ഞു. ഇത്തരത്തിൽ നിരവധി കുടുംബങ്ങൾ നഗരത്തിലുണ്ട്.

“രണ്ടു മാസത്തിനുള്ളിൽ തിരിച്ചുവരാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ ഞങ്ങളോട് പറഞ്ഞു, പക്ഷേ അതുവരെ ഞങ്ങളെങ്ങനെ ജീവിക്കുമെന്നറിയില്ല, ” ഈ മാസം ആദ്യം അമരാവതിയിലേക്ക് മാറേണ്ടി വന്ന ഷാഹു ഭോസാലെ പറയുന്നു. സമുദായാംഗങ്ങൾക്ക് ഗ്രാമത്തിൽ ഭൂമിയോ ജോലിയോ ലഭ്യമാവില്ല. കടുത്ത ജാതി സമുദായ വിവേചനമാണ് അവിടങ്ങളിൽ. അതിനാൽ ഉപജീവനത്തിനായി വർഷങ്ങൾക്ക് മുൻപ് നഗരങ്ങളിലേക്ക് കുടിയേറിയതാണ് ഇവർ. മടങ്ങിയെത്തിയാൽ ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്നും ഭിക്ഷാടകരുടെ ഷെൽറ്റർ ഹോമിലേക്ക് അയക്കുമെന്നും അധികൃതർ പറഞ്ഞതായും ഷാഹു വെളിപ്പെടുത്തി.

നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം ഭിക്ഷാടകരെ മാറ്റി പാർപ്പിക്കാൻ നിർവാഹമില്ലാത്ത സാഹചര്യമാണ് എന്നാണ് വിശദീകരണം.

പുനരധിവാസം സർക്കാർ കണക്കിൽ പോലും എത്തിയില്ല

സാമൂഹിക നീതി- ശാക്തീകരണ മന്ത്രാലയം ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ സമഗ്രമായ പുനരധിവാസത്തിനായി 2020 ജനുവരിയിൽ നടത്തിയ ദേശീയ കാംപെയ്‌നിന്റെ ഭാഗമായി മുംബൈയ്‌ക്കൊപ്പം തിരഞ്ഞെടുത്ത രണ്ട് നഗരങ്ങളിലൊന്നാണ് നാഗ്പൂർ. നഗരത്തിൽ 1,601 പേരെ ഇത്തരത്തിൽ മാറ്റിപാർപ്പിക്കേണ്ടതുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തിയിരുന്നു. പദ്ധതി പ്രകാരം 2022 ഏപ്രിലിൽ ഒരു ഷെൽട്ടർ ഹോം തുറന്നു. എന്നാൽ​ ഇതിൽ 150 പുരുഷന്മാരെ താമസിപ്പിക്കാനുള്ള സൗകര്യമേ ഉണ്ടായിരുന്നുള്ളൂ. ഭവനരഹിതരായവർക്കെതിരെ പോലും ബോംബെ പ്രിവൻഷൻ ഓഫ് ബെഗ്ഗറി ആക്ട് പ്രകാരം നടപടിയെടുക്കാറുണ്ട്.

രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ നഗരത്തിലെ പല സ്ഥലങ്ങളിൽ നിന്നും ഭവനരഹിതരായ ആളുകളോട് നഗരം വിട്ടുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നാഗ്പൂർ കോഷിഷിലെ പ്രോഗ്രാം ഓഫീസർ നിലേഷ് കാംബ്ലെ പറഞ്ഞു.

സർക്കുലർ പ്രകാരം വീടില്ലാത്തവരെയും ഭിക്ഷാടനത്തിൽ ഏർപ്പെട്ടവരെയും പോലീസും തദ്ദേശസ്ഥാപനങ്ങൾ എങ്ങനെ തിരിച്ചറിയുന്നു എന്ന ചോദ്യത്തിന്, പോലീസ് സെൻസിറ്റീവ് ആണെന്നും ഇതുവരെ ക്രിമിനൽ നടപടികളൊന്നും എടുത്തിട്ടില്ലെന്നും നാഗ്പൂർ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു. എന്നാൽ ‘മറ്റു ഉപജീവനമാർഗങ്ങളുണ്ടായിട്ടും’ കുടുംബത്തോടൊപ്പം തെരുവിൽ കഴിയുന്നവരെയാണ് സർക്കുലറിൽ ഉൾപ്പെടുത്തിയതെന്നും അമിതേഷ് അവകാശപ്പെട്ടു.

ഉപജീവനമാർഗം തേടി അലയുന്ന സമുദായങ്ങളെ ലക്ഷ്യം വയ്ക്കുന്നത് പോലീസ് സർക്കുലറിൽ ഒതുങ്ങുന്നതല്ലെന്നും ഇത് കൊളോണിയൽ കാലഘട്ടം മുതലുള്ളതാണെന്നുമാണ് അഭിഭാഷക ദിഷ വഡേക്കർ പറയുന്നത്. ക്രിമിനൽ ട്രൈബ്സ് ആക്റ്റ് നടപ്പിലാക്കി ആ സമുദായങ്ങളെ ക്രിമിനൽവൽക്കരിക്കാൻ ലക്ഷ്യമിട്ടിരുന്നതായും പറയുന്നു. ഹാബിച്വൽ ഒഫൻഡേഴ്‌സ് ആക്ടും അത്തരം ക്രിമിനൽ നടപടികളിലൂടെ നാടോടികളെയും ഭിക്ഷാടകരെയും പിന്തുടരുന്നത് തുടരുകയാണെന്നും ദിഷ പറഞ്ഞു.

“നിയമങ്ങളിലൂടെ ആസൂത്രിതമായാണ് പൊലീസും അധികാരികളും പ്രവർത്തിക്കുന്നത്. ഉപജീവനത്തിനുള്ള മാർഗ്ഗമില്ലാതെ അവർ ഗ്രാമങ്ങളിൽനിന്നു പുറത്താക്കപ്പെടുന്നു. അവർ പിന്നീട് നഗരങ്ങളിൽ കുടിയേറുകയും പരമ്പരാഗതമായി അറിയാവുന്ന പല തൊഴിലുകളിലും ഏർപ്പെട്ട് കളിപ്പാട്ടങ്ങളും മറ്റു നിർമ്മിച്ച് ഉപജീവനം കണ്ടാത്താൻ ശ്രമിക്കുമ്പോൾ അവരെ ഭിക്ഷാടകരെന്ന് മുദ്ര കുത്തുകയും അവർക്ക് ക്രിമിനൽ നടപടികൾ​ നേരിടേണ്ടിയും വരുന്നു,” ദിഷ പറഞ്ഞു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...