തത്തുല്യ യോഗ്യതകൾകൂടി ഉൾപ്പെടുത്തിയായിരിക്കും ഇനിമുതൽ പി.എസ്.സി. വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുന്നത്. തത്തുല്യ യോഗ്യത തെളിയിക്കുന്നതിന് മറ്റ് രേഖകൾ ഉദ്യോഗാർഥി ഹാജരാക്കേണ്ടി വരില്ല. പരീക്ഷ എഴുതിയ ശേഷം കേസും നിയമ നടപടികളുമായി സ്വന്തം യോഗ്യത സ്ഥാപിച്ചു കിട്ടാനായി പിന്നാലെ നടക്കേണ്ട ദുരിതം ഇനി ഇല്ലാതാവും.
നിലവിൽ വിശേഷാൽ ചട്ടത്തിൽ പറയുന്ന യോഗ്യതകളാണ് വിജ്ഞാപനത്തിനൊപ്പം പി.എസ്.സി പരസ്യപ്പെടുത്താറുള്ളത്. അവയ്ക്ക് തത്തുല്യ യോഗ്യതകളുള്ളവർ അത് പ്രത്യേകം അവകാശപ്പെട്ട് അപേക്ഷ സമർപ്പിക്കണം. പിന്നീട് കമ്മിഷൻ ആവശ്യപ്പെടുമ്പോൾ തത്തുല്യപദവി തെളിയിക്കുന്നതിന് ബന്ധപ്പെട്ട രേഖകൾ ഉദ്യോഗാർഥി ഹാജരാക്കണം. സംസ്ഥാനസർക്കാരിൻ്റെ ഉത്തരവുകളോ സർവകലാശാലകളുടെ ഇക്വലൻസി സർട്ടിഫിക്കറ്റുകളോ ആണ് ഇതിനായി ഹാജരാക്കേണ്ടത്.
തത്തുല്യതാ രേഖ കൃത്യസമയത്തിനുള്ളിൽ നേടിയെടുക്കാൻ സാധിക്കാതെ അവസരം നഷ്ടപ്പെടുന്നവർ നിരവധിയാണ്. ഇതിന് പരിഹാരമായാണ് തത്തുല്യ യോഗ്യതകൾ വിജ്ഞാപനത്തിൽ ഉൾപ്പെടുത്താനുള്ള തീരുമാനം. കാലാകാലമായി ഉദ്യോഗാർഥികൾ ആവശ്യപ്പെട്ട് വരുന്ന കാര്യമാണ് ഇത്. എന്നാൽ തീരുമാനം ആവാതെ തുടരുകയായിരുന്നു.
യോഗ്യതകൾ ഇനി;
ഇനി യോഗ്യതകൾ മൂന്നുതരത്തിൽ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തും. വിശേഷാൽചട്ടത്തിലുള്ള യോഗ്യതകളാണ് ആദ്യത്തെത്.
കമ്മിഷൻ അംഗീകരിച്ച തത്തുല്യ യോഗ്യതകളായിരിക്കും രണ്ടാംഭാഗത്തുണ്ടാവുക.
ഇതിനെല്ലാം പുറമേ തത്തുല്യമെന്ന് അവകാശപ്പെട്ട് അപേക്ഷിക്കാനാകുന്നതും മൂന്നാമതായി ഉണ്ടാവും. ഈ മൂന്ന് വിഭാഗത്തിൽ ഏതിൽ ഉൾപ്പെട്ടവർക്കും ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാം.
യു ജി സി അംഗീകാരം മതിയാവും
യു.ജി.സി. അംഗീകാരമുള്ള സർവകലാശാലകളുടെ റെഗുലർ കോഴ്‌സുകളെല്ലാം തത്തുല്യ യോഗ്യതയായി പി.എസ്.സി. അംഗീകരിക്കും. നേരത്തെ കമ്മിഷൻ അംഗീകരിച്ച തത്തുല്യ യോഗ്യതകളും ഉയർന്ന യോഗ്യതകളും സംബന്ധിച്ച പട്ടിക പി.എസ്.സി. തയ്യാറാക്കിയിട്ടുണ്ട്. അതാണ് ഓരോ വിജ്ഞാപനത്തിനൊപ്പവും ചേർക്കുക.
പ്രൊഫൈലിലൂടെ ഉദ്യോഗാർഥി അപേക്ഷിക്കുമ്പോൾ ഈ വിവരങ്ങളും ലഭ്യമാകും. മുൻ തിരഞ്ഞെടുപ്പിനുശേഷം സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യതകളുണ്ടെങ്കിൽ അവയും വിജ്ഞാപനത്തിൽ ചേർക്കും. ഈ യോഗ്യതകൾ തെളിയിക്കുന്നതിന് തുല്യതാസർട്ടിഫിക്കറ്റുകളോ സർക്കാർ ഉത്തരവുകളോ ഉദ്യോഗാർഥികൾ ഹാജരാക്കേണ്ടതില്ലെന്നും പി.എസ്.സി. അറിയിച്ചു.
ഉദ്യോഗാർഥികൾക്ക് ഒപ്പം പി എസ് സിക്കും ഇത് ആശ്വാസകരമാവും. തത്തുല്യ യോഗ്യത അവകാശപ്പെട്ട് എത്തുന്ന രേഖകൾ പലപ്പോഴും നിയമ നടപടികളിലേക്ക് നീങ്ങുന്നത് പതിവാണ്.


