കോണ്‍ഗ്രസ് ഒരു കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ബി.ജെ.പി രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് എ.കെ. ആന്റണിയുടെ മകന് അനില്‍ ആന്റണി. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിനു ശേഷം വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനില്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് രാജ്യത്തെ ഉന്നതങ്ങളിലേക്ക് നയിക്കാനുള്ള കാഴ്ചപ്പാടുണ്ടെന്ന് അനില്‍ ആന്റണി അവകാശപ്പെട്ടു. ബി.ജെ.പി രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഈ നയം കൃത്യമായി നടപ്പാക്കുന്നതിന് പ്രധാനമന്ത്രിയും പാര്‍ട്ടിയും പ്രതിജ്ഞാബദ്ധരാണ്. രാജ്യത്തെ ഭൂരിഭാഗംവരുന്ന യുവാക്കളുടെ പ്രതിനിധിയെന്ന നിലയില്‍ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നാണ് കരുതുന്നതെന്നും അനില്‍ അവകാശപ്പെട്ടു.
ബി.ജെ.പിയുടെ 44-ാം സ്ഥാപകദിവസത്തില്‍ തന്നെ ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് പാര്‍ട്ടി അവസരം നല്കി. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകള്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ച നേതൃത്വത്തിന് നന്ദി പറയുന്നതായും അനില്‍ പറഞ്ഞു. എ.കെ. ആന്റണിയുമായി ചര്‍ച്ചചെയ്തിരുന്നോ എന്ന ചോദ്യത്തിന് തന്റെ തീരുമാനം വ്യക്തിപരമാണെന്ന് അനിൽ മറുപടി പറഞ്ഞു
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെയും കേന്ദ്ര മന്ത്രി വി. മുരളീധരന്റേയും സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലാണ് അനില്‍ ആന്റണിക്ക് ബിജെപി അംഗത്വം നൽകിയത്. അംഗത്വം സ്വീകരിക്കുന്നതിന് മുമ്പായി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ അടക്കമുള്ളവരേയും അനില്‍ ആന്റണി കണ്ടിരുന്നു.


