രാജ്യ തലസ്ഥാനത്തിന് മാറ്റായി ബോഗണ്‍വില്ല ഫെസ്റ്റിവലിന് തുടക്കമിട്ട് ഡൽഹി ടൂറിസം വകുപ്പ്. ഡല്‍ഹിയിലെ ഗാര്ഡന് ഓഫ് ഫൈവ് സെന്‍സസില്‍ ഏപ്രില്‍ 14 മുതല്‍ 16 വരെ കടലാസ് പൂക്കളുടെ മാത്രമായി കൂറ്റൻ ഫെസ്റ്റിവൽ നടക്കും.
ബോഗണ്‍വില്ലയുടെ വ്യത്യസ്ത നിറത്തിനും രൂപത്തിലുമുള്ള പൂക്കള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ബോഗണ്‍വില്ലയുടെ ബോണ്‍സായി ചെടികളും ഗാര്ഡന് ട്രേയിലുള്ള ചെടികളും ഉൾപ്പെടെ വൈവിധ്യ പൂർണ്ണമായി പരീക്ഷണങ്ങളും പ്രദർശനത്തിന് എത്തും.
തെക്കേ അമേരിക്ക സ്വദേശമായുള്ള ഒരു അലങ്കാര സസ്യമാണ് ബോഗണ്‍വില്ല. കടലാസുപിച്ചകം, കടലാസുചെടി എന്നീ പേരുകളിലും ഇതറിയപ്പെടുന്നുണ്ട്. ദലങ്ങൾ കനം കുറഞ്ഞതും കടലാസ് പോലുള്ളതുമായതിനാലാണ് കടലാസ്പൂവ് എന്ന പേരുവന്നത്.
1768 ല്‍ ബ്രസീലിലാണ് ആദ്യമായി ഈ സസ്യം തിരിച്ചറിയപ്പെടുന്നത്. ചെടി കണ്ടെത്തിയ ലൂയിസ് ആന്റണി ഡി ബോഗണ്‍വിന്‍ എന്ന ഫ്രഞ്ച് നാവികന്റെ പേരില്‍നിന്നാണ് ബോഗണ്‍വില്ല എന്നു ഈ ചെടിക്ക് പേരുവന്നത്.
മുള്ളുകളുള്ള ഈ ചെടി നല്ല ഉയരത്തില്‍ വളരാറുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വര്‍ഷം മുഴുവന്‍ പുഷ്പിക്കുന്നവയാണ് . പിങ്ക്, മജന്ത, പര്‍പ്പിള്‍, ചുവപ്പ്, ഓറഞ്ച്, വെള്ള, മഞ്ഞ എന്നീ നിറങ്ങളില്‍ കാണുന്നു. ഇപ്പോൾ ഒരേ ചെടിയിൽ തന്നെ വിവിധ നിറങ്ങളും നിർമ്മിത നിറവും ആകൃതിയും ഉള്ളവയും ഉണ്ട്.


