രാജ്യത്ത് ക്രൈസ്തവ ആക്രമണങ്ങള്‍ സംബന്ധിച്ച കണക്കുകൾ പെരുപ്പിച്ച് കാണിച്ചവയാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. വ്യക്തികൾ തമ്മിൽ ഉണ്ടാകുന്ന തർക്കം ക്രൈസ്തവ വേട്ടയാടൽ ആയി ചിത്രീകരിക്കുകയാണെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. കുറ്റക്കാർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ഹർജിക്കാരുടെ വാദം അടിസ്ഥാനരഹിതം ആണെന്നും കേന്ദ്രസർക്കാർ ഫയൽ ചെയ്ത 217 പേജ് ദൈർഘ്യമുള്ള സത്യവാങ്മൂലത്തിൽ പറയുന്നു.
രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനും അവരുടെ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ ഉള്‍പ്പടെയുള്ളവർ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി പി. വേണുക്കുട്ടൻ നായരാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.
ഭരണഘടന ഉറപ്പ് നൽകുന്ന ആരാധനാസ്വാതന്ത്ര്യം തടയുന്നവർക്കെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്ന് കേന്ദ്രസർക്കാർ ബോധ്യപ്പെടുത്തി. ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിനും എല്ലാ മതവിഭാഗത്തിൽ പെട്ടവർക്കും നിയമപ്രകാരമുള്ള തുല്യപരിരക്ഷ ഉറപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു.
ആക്രമണങ്ങൾ വെറും കലഹം, ഭൂരിപക്ഷത്തിലും പരാതിക്കാരില്ലെന്നും കേന്ദ്രം
ബിഹാർ, ഹരിയാണ, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, ഒഡിഷ, ഉത്തർപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് എതിരെ ഉണ്ടായ 495 അക്രമണങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നൽകാൻ കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇതിൽ 263 സംഭവങ്ങളിൽ ആരും പരാതി നൽകിയിട്ടില്ലെന്നാണ് സർക്കാർ വാദം. പരാതിക്കാർ ഇല്ലെന്ന് സംസ്ഥാന സർക്കാരുകൾ അറിയിച്ചതായി കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. ഈ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരായ അക്രമങ്ങളിൽ 232 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 334 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തുടർന്നു പറുന്നു.
വർഗ്ഗീയ ആക്രമണല്ല, വെറും വസ്തു തർക്കം എന്നും
ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന ആക്രമണങ്ങൾ വര്‍ഗീയമായ ആക്രമണമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. 232 സംഭവങ്ങളിൽ സർക്കാരിന് പരാതി ലഭിച്ചിട്ടുണ്ട്. ഇതിൽ 73 സംഭവങ്ങളിൽ ഇരുവിഭാഗങ്ങളും തമ്മിൽ പരിഹാരം ആയി. വസ്തു തർക്കം, കുടുംബ തർക്കം, കോവിഡ് മാർഗ്ഗരേഖ ലംഘിക്കൽ തുടങ്ങിയ വിഷയങ്ങളിലാണ് തർക്കപരിഹാരം ഉണ്ടായത്. ബാക്കിയുള്ള 155 കേസുകളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുക ആണെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. 64 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചതായും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.


