നാഗാലാന്‍ഡിലെ മൊണ് ജില്ലയില്‍ ഗ്രാമീണരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ സൈനികർക്കെതിരേ നിയമനടപടി സ്വീകരിക്കാൻ അനുമതി നിഷേധിച്ച് കേന്ദ്രം. പൊലീസ് പ്രത്യേകാന്വേഷണം സംഘം കുറ്റക്കാരെന്ന് കണ്ടെത്തിയ 30 പേർക്കെതിരെയാണ് നടപടി നിഷേധിച്ചത്.
നാഗാലാൻഡ് പ്രത്യേകാന്വേഷണ സംഘമാണ് (എസ്.ഐ.ടി.) വെടിവെപ്പ് കേസ് അന്വേഷിച്ചത്. സംസ്ഥാന പോലീസിന്റെ റിപ്പോർട്ട് പ്രകാരം, സംഭവത്തിൽ 14-ഓളം പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഉൾപ്പെട്ട 30 സൈനിർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം കേന്ദ്ര പ്രതിരോധമന്ത്രാലയം നിഷേധിച്ചതായി നാഗാലാൻഡ് പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. ജോലി കഴിഞ്ഞ് ട്രക്കിൽ വരുന്നവർക്ക് എതിരെ വെടിയുതിർത്താണ് ദുരന്തം.
കൊല്ലുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സൈന്യം ഖനിത്തൊഴിലാളികൾക്കുനേരെ വെടിവെച്ചതെന്നാണ് എസ്.ഐ.ടി. അന്വേഷണത്തിൽ കണ്ടെത്തിയത്. 30 പേർക്കെതിരെയാണ് കൊലപാതകം, കൊലപാതക ശ്രമം, തെളിവുനശിപ്പിക്കിൽ തുടങ്ങിയ കുറ്റങ്ങള്‍ കണ്ടെത്തിയത്.
2021 ഡിസംബർ 4-നായിരുന്നു സംഭവം. മ്യാന്മറുമായി അതിര്‍ത്തിപങ്കിടുന്ന ഒട്ടിങ് ഗ്രാമത്തില്‍ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിലാണ് ഗ്രാമീണര്‍ കൊല്ലപ്പെട്ടത്. ഖനിത്തൊഴിലാളികൾ സഞ്ചരിച്ച ട്രക്കിന് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ ജനക്കൂട്ടം അക്രമാസക്തരായി. തുടർന്ന് സൈനികരുടെ വാഹനങ്ങൾ കത്തിക്കുകയും സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു. ഇതിന് തുടർച്ചയായി സൈനികർക്കുള്ള പ്രത്യേകാധികാര നിയമത്തിന് എതിരെ പ്രതിഷേധം വ്യാപിച്ചു. ഇറോം ശർമ്മിള 14 വർഷത്തോളം നിരാഹാരം അനുഷ്ഠിച്ച് പിൻവാങ്ങേണ്ടി വന്ന നിയമമാണ്.



