പുല്‍വാമ സംഭവവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കോണ്‍ഗ്രസ്. സത്യപാല്‍ മാലിക്കിൻ്റേത് ഗൗരവമേറിയ തുറന്ന് പറച്ചിലാണെന്നും കേന്ദ്ര സർക്കാർ നടപടിക്ക് തയാറാകണമെന്നും കോണ്‍ഗ്രസ് നേതാവ് ജയ റാം രമേശ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിശബ്ദത വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യം നടുങ്ങിയ വെളിപ്പെടുത്തൽ
പുല്‍വാമ സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ചപറ്റിയെന്നും മോദിക്കൊപ്പമുള്ളവര്‍ അഴിമതിക്കാരാണെന്നുമായിരുന്നു ‘ദ വയറി’ന് നല്കിയ അഭിമുഖത്തില്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തൽ. പുല്‍വാമ ഭീകരാക്രമണത്തില്‍ പരിക്കേറ്റ ജവാന്മാരെ കൊണ്ടുപോകാന്‍ സി.ആര്.പി.എഫ്. എയര്‍ക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിഷേധിച്ചു. സംഭവത്തിന് ശേഷം ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍വെച്ച് പുല്‍വാമ ഭീകരാക്രമണത്തിലെ വീഴ്ചകള്‍ പ്രധാനമന്ത്രിയോട് ധരിപ്പിച്ചിരുന്നു. എന്നാൽ ആരോടും പറയരുതെന്ന് നരേന്ദ്ര മോദി പറഞ്ഞെന്നും സത്യപാല്‍ മാലിക്ക് അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.
300 കിലോ ഗ്രാം ആര്.ഡി.എക്സ്. പാകിസ്താനില്‍നിന്ന് എത്തി. ജമ്മു കശ്മീരില്‍ 10-15 ദിവസത്തോളം റോഡിലൂടെ ഓടിച്ച് നടന്നു. അതിന് ശേഷം ആര്‍ക്കും കണ്ടെത്താനാകാതെ കൈമാറിപ്പോയി ഇത് അസാധാരണമാണ്. ഇന്റലിജന്‍സ് എന്താണ് ചെയ്തത്.
കുറവ് ഭരണം, പരമാവധി നിശബ്ദത എന്നതാണ് ബിജെപിയുടെ നയമെന്ന് ജയ റാം രമേശ് വിമര്‍ശിച്ചു. സത്യം മൂടിവെക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എന്നാല്‍, കോണ്‍ഗ്രസ് പിന്തിരിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സത്യപാല്‍ മാലിക്കിന്റെ സുരക്ഷയില്‍ കോണ്‍ഗ്രസ് നേതാക്കളായ പവന് ഖേരയും സുപ്രിയ ശ്രീനേതും ആശങ്ക രേഖപ്പെടുത്തി. ടിവി ആങ്കര്‍മാരും സിനിമാ സംവിധായകരും നടീനടന്മാരുമെല്ലാം ഉയര്‍ന്ന സുരക്ഷ ലഭിക്കുമ്പോള്‍, ഒരു ഉദ്യോഗസ്ഥന്റെ മാത്രം സുരക്ഷയില്‍ സത്യപാല്‍ മാലികിന് വാടകവീട്ടില്‍ കഴിയേണ്ടിവരുന്നത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു.
2019 ഫെബ്രുവരിയില്‍ 40 ജവാന്മാരുടെ ജീവന് നഷ്ടമായ പുല്‍വാമ ഭീകരാക്രമണ സമയത്തും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോഴും ജമ്മു കശ്മീരില്‍ സത്യപാല്‍ മാലിക് ആയിരുന്നു ഗവര്‍ണര്‍.


