വന്ദേഭാരത് എക്സ്പ്രസിന്റെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 297 രൂപയും കൂടിയത് 2150 രൂപയും ആയിരിക്കും. 50 കിലോമീറ്റര്‍ യാത്രയ്ക്ക് അടിസ്ഥാന ചെയര്‍കാര്‍ നിരക്ക് 241 രൂപയും നികുതികളും ആവും. എക്സിക്യൂട്ടീവ് ചെയര്‍കാര്‍ നിരക്ക് മിനിമം 502 രൂപയും നികുതിയുമാവും.
വന്ദേഭാരത് തീവണ്ടിയുടെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞയാത്ര തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിലാണ്. 65 കിലോമീറ്ററാണ്. തിരുവനന്തപുരത്തുനിന്ന് കൊല്ലം വരെ യാത്രചെയ്യാന്‍ ചെയര്‍കാറിന് 291 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറിന് 614 രൂപയും ആയിരിക്കും. തിരുവനന്തപുരം കോഴിക്കോട് യാത്രയ്ക്ക് 801 രൂപയും 1643 രൂപയും ടിക്കറ്റ് നിരക്ക് വരും.
തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്കുള്ള ചെയര്‍കാര്‍ നിരക്ക് 1100 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറിന് 2150 രൂപയും ആയിരിക്കും. തിരുവനന്തപുരം – കോട്ടയം യാത്രയ്ക്ക് 441 രൂപയും 911 രൂപയും ആയിരിക്കും. തിരുവനന്തപുരം – എറണാകുളം യാത്രയ്ക്ക് 520 രൂപയും 1070 രൂപയും വരും. തിരുവനന്തപുരം – തൃശ്ശൂര്‍ നിരക്ക് യഥാക്രമം 617 രൂപയും 1260 രൂപയുമാകും.
വന്ദേഭാരതിന്റെ ആദ്യ ട്രയല്‍റണ്‍ വിജയകരമായി. പ്രഖ്യാപിത വേഗം കേരളത്തിലെ നിലവിലുള്ള ട്രാക്ക് വെച്ച് സാധ്യമാവില്ല. എങ്കിലും സംസ്ഥാനത്തിന് ഏറെ കാലം കൂടി ഒരു തെക്ക് വടക്ക് ട്രെയിൻ കൂടി ലഭിക്കയാണ്.
ഈമാസം 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യും. അതിനുമുമ്പ് ഒരു ട്രയല്റണ്കൂടി നടത്തിയേക്കും. ആദ്യ ട്രയല്‍റണ്‍ പല ട്രെയിനുകളുടെയും സമയക്രമത്തെ ബാധിച്ചിരുന്നു. ഇക്കാര്യം വ്യക്തമായി വിലയിരുത്തുന്നതിന്റെ ഭാഗമായാവും വീണ്ടും ട്രയല്‍റണ്‍ നടത്തുക. ടിക്കറ്റ് നിരക്കും ഔദ്യോഗികമായി നിശ്ചയിക്കേണ്ടതുണ്ട്.


