വനിതാ ഗുസ്തിതാരങ്ങളെ ലൈംഗിക ചൂഷണങ്ങൾക്ക് വിധേയമാക്കി കേസിൽ ഡല്‍ഹി പോലീസ് കേസെടുത്തതിന് പിന്നാലെ വെല്ലുവിളിയുമായി റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങ്. ഗുസ്തി താരങ്ങളുയര്‍ത്തിയ ആരോപണങ്ങളില്‍ സ്ഥാനം രാജിവെക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ സ്വന്തം തട്ടകമായ ഗോണ്ടയിലാണ് പൂമാലയിട്ടും ബിജെപി എംഎല്‍എമാരെ അണി നിരത്തിയും കേസിന് പിന്നാലെ ബ്രിജ്ഭൂഷണ്‍ ശക്തിപ്രകടനം നടത്തിയത്.
അവസാനം പോക്സോ ചുമത്തി, വെല്ലുവിളി തുടർന്ന് എം പി
കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിലാണ് വെള്ളിയാഴ്ച ബ്രിജ്ഭൂഷണെതിരെ രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തിനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ വകുപ്പുകള്‍ പ്രകാരവുമാണ് രണ്ടുകേസുകളെന്ന് ഡല്‍ഹി ഡി.സി.പി. അറിയിച്ചു. പ്രായപൂര്‍ത്തിയാവാത്ത പരാതിക്കാരിക്ക് സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് കമ്മിഷണറോട് നിര്‍ദേശിച്ച സുപ്രീംകോടതി കേസ് മേയ് അഞ്ചിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
രാജിവെക്കുന്നത് വലിയ കാര്യമല്ല. പക്ഷേ ഞാനൊരു കുറ്റവാളി അല്ല. ഞാന്‍ രാജിവെച്ചാല്‍, അത് അവരുടെ (ഗുസ്തി താരങ്ങളുടെ) ആരോപണം ശരിവെക്കുന്നതാണെന്ന് അര്‍ത്ഥം വരും. പദവിയില്‍ എന്റെ കാലാവധി ഏതാണ്ട് കഴിയാനായി. സര്‍ക്കാര്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. 45 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പോടെ തന്റെ കാലാവധി അവസാനിക്കും’ ബ്രിജ്ഭൂഷണ്‍ അവകാശപ്പെട്ടു.
താന്‍ നിരപരാധിയാണെന്നും അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന് മുമ്പ്, അവര്‍ എന്നെ പുകഴ്ത്തുകയും അവരുടെ വിവാഹത്തിന് എന്നെ ക്ഷണിക്കുകയും എന്നോടൊപ്പം ഫോട്ടോ എടുക്കുകയും എന്റെ അനുഗ്രഹം തേടുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ വിഷയം സുപ്രീം കോടതിയുടെയും ഡല്‍ഹി പോലീസിന്റെയും പക്കലാണ്, അവരുടെ തീരുമാനം ഞാന്‍ അംഗീകരിക്കും’ ബിജെപി എംപി പറഞ്ഞു.
ഗോണ്ടയിലെ ബ്രിജ്ഭൂഷണിന്റെ വീട്ടിലേക്ക് ശനിയാഴ്ച രാവിലെ മുതല്‍ ബിജെപി എംഎല്‍മാരുടെ ഒഴുക്കായിരുന്നു. കോണ്‍ഗ്രസും ചില വ്യവസായികളുമാണ് അദ്ദേഹത്തിനെതിനെതിരെയുള്ള ആരോപണത്തിന് പിന്നിലെന്നാണ് അനുയായികളുടെ ആരോപണം.
ജനപിന്തുണയിൽ അതിഖിനെ വെല്ലുന്ന അധോലോക ശക്തി
വലിയൊരു വോട്ടുബാങ്കുതന്നെയാണ് അയോധ്യയിലും സമീപജില്ലകളിലുമായി ബ്രിജ്ഭൂഷണുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രമേയുള്ളൂ. ആരോപണശരങ്ങളുയര്‍ന്നിട്ടും സിങ്ങിനെതിരേ ബി.ജെ.പി. നടപടിയെടുക്കാത്തതിന് കാരണവും ഈ വോട്ടുപേടിയാണ്.
അതിഖ് അഹമ്മദിൻ്റെ ജൂനിയർ പതിപ്പ് എന്നാണ് ഇയാളെ വിശേഷിപ്പിക്കുന്നത്. ഠാക്കൂർ വോട്ടുകളിൽ വൻ സ്വാധീനമുള്ള വ്യക്തിയാണ്. ആറു തവണ എം.പിയായിട്ടുണ്ട്. ഒരു തവണ സമാജ് വാദി ടിക്കറ്റിലും ജയിച്ചു. മത്സരിക്കാൻ ടിക്കറ്റ് നൽകിയാൽ മാത്രം മതി. വോട്ട് വീഴ്ത്തും എന്നതാണ് മണ്ഡലത്തിലെ ശക്തി. എം. എൽ. എ മാർ എല്ലാം ബ്രിജ് ഭൂഷൺ നിശ്ചയിക്കുന്നവരാണ്.
ജന്തര്‍മന്തറില്‍ നടക്കുന്ന ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ വര്‍ധിച്ചിട്ടുണ്ട്. നിരവധി കായിക താരങ്ങള്‍ പിന്തുണയര്‍പ്പിച്ചതിന് പിന്നാലെ വിവിധ രാഷ്ട്രീയ നേതാക്കളും സമരപ്പന്തലില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. താരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് സമരപ്പന്തലിലെത്തി.


