പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ എം.പി. സ്ഥാനം രാജിവെക്കാമെന്ന് റെസ്ലിംങ് ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്. പൗരത്വ ഭേദഗതിക്കെതിരായി ഷഹീന്‍ ബാഗിലുണ്ടായത് പോലെ പ്രതിഷേധം വ്യാപിക്കുകയാണ്. താനല്ല, പാര്‍ട്ടിയാണ് അവരുടെ ലക്ഷ്യമെന്നും ആരോപിച്ച് കൊണ്ട് സമരത്തെ രാഷ്ട്രീയവൽക്കരിക്കാൻ ബ്രിജ് ഭൂഷണ്‍ രംഗത്ത് ഇറങ്ങി.
ഇതോടെ ബി ജെ പി നേതൃത്വവും വെട്ടിലായി. ഉത്തർ പ്രദേശിൽ നാല് ജില്ലകളിൽ എങ്കിലും സ്വന്തമായി സ്വാധീനമുള്ള മാഫിയ ബന്ധങ്ങൾ ആരോപിക്കപ്പെട്ട വ്യക്തിയാണ് ബ്രിജ് ഭൂഷൺ. ലോക് സഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ഇയാളെ പിണക്കുക അപകടകരമായി മാറും എന്നതാണ് പ്രതിസന്ധി.
സമരത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമത്തെ ബ്രിജ്ഭൂഷണ് എതിരായ നിരവധി എഫ് ഐ ആറുകളിൽ എന്ത് നടപടികൾ ഇതുവരെ എടുത്തു എന്ന ചോദ്യവുമായി ഗുസ്തി താരങ്ങൾ നേരിട്ടു.
പീഡന കേസിൽ പോക്സോയും, രാഷ്ട്രീയമെന്ന് വരുത്താൻ തന്ത്രം
തുക്‌ഡേ തുക്‌ഡേ ഗ്യാങ്ങിലുള്ളവരും ഷഹീന്‍ബാഗ് സമരത്തില്‍ പങ്കെടുത്തവരും കര്‍ഷക സമരത്തിലുണ്ടായിരുന്നവരും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിലുണ്ട്. അവര്‍ക്ക് പണം ലഭിക്കുന്നുണ്ട്. എന്നാണ് ബ്രിജ് ഭൂഷൺ ആരോപിച്ചത്. അവരുടെ ലക്ഷ്യം ഹരിയാനയേയും ഉത്തര്‍പ്രദേശിനേയും വിഭജിക്കുകയാണെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയോ, ആഭ്യന്തരമന്ത്രി അമിത് ഷായോ, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയോ നിര്‍ദേശിച്ചാല്‍ താന്‍ ആ സമയം രാജിവെക്കാമെന്ന് ബ്രിജ് ഭൂഷണ്‍ എ.ബി.പി. ന്യൂസിനോട് പറഞ്ഞു. തനിക്കെതിരായ ആരോപണത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിച്ചിട്ടില്ല. താന്‍ ആറു തവണ എം.പിയായിട്ടുണ്ട്. ഭാര്യ എം.പിയായിരുന്നു, മകന്‍ എം.എല്‍എയാണ്. നരേന്ദ്രമോദി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ തന്നെ താന്‍ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.


