അധ്യാപകരുടെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസെടുപ്പും സ്പെഷ്യൽ ട്യൂഷനും നിരീക്ഷിക്കാൻ നിർദ്ദേശം. ഇത്തരത്തിൽ ക്ലാസുകൾ എടുക്കുന്ന അധ്യാപർക്ക് എതിരെ കർശന നടപടി സ്വീകരിക്കും. തിരുവനന്തപുരത്ത് ചേർന്ന വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗത്തിലാണ് തീരുമാനം.
ജൂൺ 1 ന് വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചു ചേർത്തത്. സ്വകാര്യ ട്യൂഷൻുകൾ തടയുന്നതിന് നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
രക്ഷകർത്താക്കളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും സ്കൂളുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ അടിയന്തിര ഇടപെടൽ നടത്തണം.
അച്ചടക്ക നടപടികളിൽ സ്വീകരിക്കേണ്ട വിഷയങ്ങളിൽ ആയത് സ്വീകരിക്കണം.
പി.റ്റി.എ. യുടെ പ്രവർത്തനം സംബന്ധിച്ച പരാതികളിൽ ബന്ധപ്പെട്ടവരുടെ യോഗം അതത് പരാതി ലഭിക്കുന്ന ഓഫീസുകളിൽ വിളിച്ചു ചേർത്ത് അടിയന്തിര പരിഹാരം കാണണം.
സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളിൽ ഒരുതരത്തിലുള്ള അഴിമതിയും കാലതാമസവും അനുവദിക്കുന്നതല്ല.
ഭിന്നശേഷി നിയമന ഉത്തരവ് വരുന്നതിന് മുമ്പ് നടത്തിയ നിയമനങ്ങളിൽ ഇതുവരെയും അംഗീകാരം കൊടുക്കാതെ നീട്ടിക്കൊണ്ടു പോകുന്ന സ്ഥിതി വിശേഷം ഉണ്ടാകാൻ പാടില്ല.
ആർ.ഡി.ഡി., എ.ഇ.ഒ., ഡി.ഇ.ഒ, ഡി.ഡി. ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കാൻ പാടില്ല.
ഫയലുകളിൽ നിരത്തി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സ്ഥിതിയുണ്ടാകരുത്.
ഫയലുകൾ പൂഴ്ത്തിവയ്ക്കുന്നതും പാരിതോഷികങ്ങൾ ആവശ്യപ്പെടുന്നതും അടക്കം ഏത് വിഷയം ശ്രദ്ധയിൽപ്പെട്ടാലും വിട്ടുവീഴ്ചയില്ലാത്ത നടപടി സർക്കാർ സ്വീകരിക്കും.
പ്രവൃത്തി ദിവസങ്ങളിൽ സ്കൂൾ ഓഫീസുകൾ 5 മണി വരെ പ്രവർത്തിക്കണം.
ലാന്റ് ഫോണുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം.
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ,പ്രവേശനോത്സവം, എസ്എസ്എൽസി – പ്ലസ് ടു ഫലങ്ങൾ, പ്ലസ് ടു പ്രവേശനം,സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, സ്കൂൾ വാഹനങ്ങളുടെ റിപ്പയറിങ്, ഉച്ചഭക്ഷണ പദ്ധതി, പച്ചക്കറിത്തോട്ടം, ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ് പദ്ധതി, പാഠപുസ്തക – യൂണിഫോം വിതരണം, കുടിവെള്ള ടാങ്കുകൾ – കിണറുകൾ ശുചീകരണം, സ്കൂൾ ഫർണിച്ചർ മെയിന്റനൻസ്, സ്കൂൾ പിടിഎയുടെ ജില്ലാതല യോഗം, ലഹരി വിമുക്ത സ്കൂൾ ക്യാമ്പസ്, പ്രീ പ്രൈമറി ക്ലാസുകൾ, അവധിക്കാല രക്ഷകർതൃ സംഗമം, സ്കൂൾ ക്യാമ്പസുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച്, സ്കൂൾ കുട്ടികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച്,അക്കാദമിക മികവ് ഉയർത്താനുള്ള പദ്ധതികൾ,ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചാവിഷയമായി.
പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, എ ഇ ഒ, ഡി ഇ ഒ, ഡി ഡി ഇ, ആർ ഡി ഡി തലം വരെയുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


