പുതിയ പാര്ലമെന്റ് മന്ദിരം ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവ്വഹിച്ചു. ആരവം മുഴക്കി മോദി, മോദി മുദ്രാവാക്യം വിളികളോടെയാണ് ബിജെപി എംപിമാര്‍ പാര്‍ലമെന്റിനുള്ളിലേക്ക് പ്രധാനമന്ത്രിയെ വരവേറ്റത്. വി.ഡി സവര്‍ക്കറുടെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ പാര്‍ലമെന്റില്‍ പുതിയതാതിയി സ്ഥാപിച്ച ചിത്രത്തിന് മുന്നില്‍ പ്രണാമം അര്‍പ്പിച്ച ശേഷമാണ് മോദി ലോക്‌സഭയിലേക്ക് പ്രവേശിച്ചത്.
അധികാരകെമാറ്റത്തിന്‍റെ പ്രതീകമായ ചെങ്കോലിെന സാഷ്ടാംഗം നമസ്കരിച്ച പ്രധാനമന്ത്രി. തിരുവാവാട് തുറൈ അധികാരത്തിലെ പൂജാരി സംഘം കൈമാറിയ ചെങ്കോലുമായി പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് എത്തി. ലോക്സഭയില്‍ കടന്ന പ്രധാനമന്ത്രി സ്പീക്കറുടെ ഇരിപ്പിടത്തിന് വലത് വശത്തായി ചെങ്കോല്‍ സ്ഥാപിച്ചു വാഴിച്ചു. നിലവിളക്ക് തെളിച്ചു. ഫലകം അനാച്ഛാദനം ചെയ്ത് പാര്‍ലമെന്‍റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ പുതിയ ആധുനിക രീതിയിലുള്ള പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് പുതിയ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് പറഞ്ഞു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ സന്ദേശവും അദ്ദേഹം സഭയില്‍ വായിച്ചു.
പാര്‍ലമെന്റിന് മുന്നിലേക്ക് ഗുസ്തി താരങ്ങളുടെ പ്രതിഷേധ സമരം നടക്കുന്നതിനിടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ പുരോഗമിക്കുന്നത്. സമര നേതാക്കൾ അറസ്റ്റിലാണ്.
പുതിയ പാര്ലമെന്റ് മന്ദിരം ഉദ്ഘാടനം രണ്ട് ഘട്ടങ്ങളായാണ് നടന്നത്. രാവിലെ ആദ്യഘട്ട ചടങ്ങുകള്‍ നടന്നിരുന്നു. 7.30 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ചടങ്ങുകളുടെ ഭാഗമായ ഹോമം, പൂജ എന്നിവ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും പൂജയില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്വാതന്ത്ര്യപ്രഖ്യാപനത്തിനുമുമ്പ് നടന്നതെന്ന് സര്‍ക്കാര്‍ അവകാശം ഉയർത്തിയ ചെങ്കോല്‍ ഏറ്റുവാങ്ങി.
പൂജാ ചടങ്ങുകളുടെയും മന്ത്രോച്ചാരണങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ചെങ്കോല്‍ ധാരണം. തുടര്‍ന്ന് പ്രധാനമന്ത്രി നിലവിളക്ക് തെളിയിക്കുകയും ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു.
ഇന്ത്യക്കിത് അഭിമാനത്തിന്‍റേയും പ്രതിക്ഷയുടേയും ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
വിമർശനവും പരിഹാസവുമായി പ്രതിപക്ഷ കക്ഷികൾ
പുതിയ പാര്ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍ രംഗത്ത് എത്തി. പാർലമെൻ്ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണിന്ന്. ബിജെപിയുടെ പാർട്ടി ഓഫീസല്ല രാജ്യത്തിൻ്റെ പാർലമെൻ്റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ പണമാണ് ഇതിനെല്ലാം വിനിയോഗിക്കുന്നത്. രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിക്കാത്തത് അവഹേളനമാണ്. ഗോത്ര വനിതായായ രാഷ്ട്രപതിയെ ചടങ്ങിൽ നിന്നും മാറ്റി നിർത്തി.
എന്തുകൊണ്ട്, അംബേദ്കറുടെയോ, മഹാത്മാ ഗാന്ധിയുടേയോ ഓർമ്മ ദിനങ്ങൾ തെരഞ്ഞെടുത്തില്ല ? സവർക്കറുടെ ദിനം തന്നെ തെരഞ്ഞെടുത്തതിൽ സവർണ വർഗീയ അജണ്ടയുണ്ട്. ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളോട് ബി ജെ പി ക്ക് ബഹുമാനമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിനെന്ന് ആർജെഡി പരിഹസിച്ചു.
വിമർശനവുമായി സമാജ് വാദി പാർട്ടിയും രംഗത്തെത്തി. തെക്കേ ഇന്ത്യയിലെ തീവ്രനിലപാടുള്ള ബ്രാഹ്മണ സംഘത്തെ വച്ച് മോദി ഉദ്ഘാടനം നടത്തി. പ്രോട്ടോകോൾ ലംഘനം അപമാനകരമെന്നും എസ്പി കുറ്റപ്പെടുത്തി.


