ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തുന്ന ജന്തര്‍ മന്ദറിലെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി. ഗുസ്തി താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ചു. പൊലീസ് സാക്ഷി മാലികിനെയും വിനേഷ് ഫോഗട്ടിനെയും ബജ്‌രംഗ് പുനിയയെയും കസ്റ്റഡിയിലെടുത്തു. ജന്തര്‍ മന്ദറില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊലീസ് പെരുമാറിയത് ഭീകരവാദികളോട് പോലെയെന്ന് ഗുസ്തി താരം സംഗീത ഫോഗട്ട് പറഞ്ഞു. നീതിക്കായുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും പ്രതികരിച്ചു.
പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ അവകാശങ്ങള്‍ക്കായി പോരാടിയ സ്ത്രീകളെ അടിച്ചമര്‍ത്തുന്നത് എങ്ങനെയെന്ന് രാജ്യം ഓര്‍ക്കും – വിനേഷ് ഫോഗട്ട്
ജന്തര്‍ മന്ദറില്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് നടത്തുന്ന മഹിളാ പഞ്ചായത്തിന് മുന്‍പിലാണ് പ്രതിഷേധക്കാരെ പൊലീസ് കയ്യേറിയത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ നടത്താനിരുന്ന മഹിളാ സമ്മാന്‍ മഹാപഞ്ചായത്തിന് മുന്നോടിയായി പ്രതിഷേധിച്ച ഗുസ്തിക്കാരെ തടഞ്ഞുവച്ചു. ജനാധിപത്യം പരസ്യമായി കൊല്ലപ്പെടുകയാണെന്ന് വിനേഷ് ഫോഗട്ട് അപലപിച്ചു. പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ അവകാശങ്ങള്‍ക്കായി പോരാടിയ സ്ത്രീകളെ അടിച്ചമര്‍ത്തുന്നത് എങ്ങനെയെന്ന് രാജ്യം ഓര്‍ക്കുമെന്നും അവര്‍ പറഞ്ഞു. (Sakshi Malik and Vinesh Phogat in Police custody)
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ ഗുസ്തി താരങ്ങളുടെ പരാതി ഗൗരവ സ്വഭാവമുള്ളതെന്നാണ് പൊലീസ് റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കുന്നത്. പരാതിക്കാര്‍ക്ക് തല്‍സ്ഥിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് ജൂണ്‍ 27ന് വീണ്ടും പരിഗണിക്കാനിരിക്കയാണ്.
അതേസമയം ലൈംഗിക അതിക്രമ പരാതി ഉന്നയിച്ച വനിതാ ഗുസ്തി താരങ്ങളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഹര്‍ജീത് സിംഗ് ജസ്പാലിന് മുമ്പാകെയാണ് അന്വേഷണ സംഘം കോടതിയുടെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
കസ്ററഡിയിൽ എടുത്ത താരങ്ങൾ എവിടെ
പട്ടാഭിഷേകം പൂര്‍ത്തിയായപ്പോള്‍ അഹങ്കാരിയായ രാജാവ് പൊതുജനത്തിന്റെ ശബ്ദം തെരുവില്‍ അടിച്ചമര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടിയ വനിതാ താരങ്ങളുടെ ശബ്ദം ബൂട്ടുകള്‍ക്കടിയില്‍ ചവിട്ടിമെതിക്കുന്നത്രയും ബി.ജെ.പി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം വളര്‍ന്നുവെന്ന് പ്രിയങ്കാഗാന്ധി കുറ്റപ്പെടുത്തി.
‘ഗുസ്തി താരങ്ങളുടെ നെഞ്ചിലെ മെഡല്‍ രാജ്യത്തിന്റെ അഭിമാനമാണ്. കഠിനാധ്വാനത്തിലൂടെ കായിക താരങ്ങള്‍ നേടിയെടുത്ത മെഡല്‍ രാജ്യത്തിന്റെ യശ്ശസുയര്‍ത്തി. വനിതാ താരങ്ങളുടെ ശബ്ദം ബൂട്ടുകള്‍ക്കടിയില്‍ ചവിട്ടിമെതിക്കുന്നത്രയും ബി.ജെ.പി. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം വളര്‍ന്നിരിക്കുന്നു. ഇത് പൂര്‍ണ്ണമായും തെറ്റാണ്. സര്‍ക്കാരിന്റെ ഈ ധാര്‍ഷ്ട്യവും അനീതിയും രാജ്യം മുഴുവന്‍ കാണുന്നുണ്ട്’ -പ്രിയങ്ക ട്വീറ്റ് ചെയ്തു.
താരങ്ങള്‍ക്കെതിരായ പോലീസ് നടപടിയെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അപലപിച്ചു. ഇന്ത്യന്‍ കായിക മേഖലയ്ക്ക് ദുഃഖകരമായ ദിവസമാണ് ഇന്നത്തേതെന്ന് ഗുസ്തിതാരമായ സാക്ഷി മാലിക് ട്വീറ്റ് ചെയ്തു. താരങ്ങള്‍ തെരുവില്‍ വലിച്ചിഴയ്ക്കപ്പെടുമ്പോള്‍, ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ബി ജെ പി എം പിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് പാര്‍ലമെന്റില്‍ ഇരിക്കുകായണെന്ന് സാക്ഷി മാലിക് ഓർമ്മപ്പെടുത്തി. ഏതെങ്കിലും രാജ്യം തങ്ങളുടെ ചാമ്പ്യന്മാരോട് ഇങ്ങനെ പെരുമാറുമോയെന്ന് ബജ്‌റംഗ് പൂനിയ ചോദിച്ചു.
താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജെ.എന്‍.യുവിന് പുറത്ത് പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പാര്‍ലമെന്‍റിന് മുന്നില്‍ മഹിള മഹാപഞ്ചായത്ത് നടത്തുമെന്ന് കര്‍ഷകരും അറിയിച്ചിരുന്നു. എന്നാല്‍ പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി അംഗങ്ങളെ അംബാല അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിലും ജന്തർ മന്തറിലും കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിർത്തിയില്‍ വാഹനങ്ങൾ പരിശോധനകൾക്ക് ശേഷം മാത്രമാണ് കടത്തിവിടുന്നത്.
കസ്റ്റഡിയിൽ എടുത്ത താരങ്ങളെ എവിടെക്കാണ് കൊണ്ടു പോയത് എന്ന് പൊലീസ് വെളിപ്പെടുത്തയില്ല. ഇത് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി. ട്വിറ്ററിൽ ആവർത്തിച്ച സന്ദേശമായി നിറഞ്ഞു.


