Friday, February 20, 2026

മലബാറിലെ പ്ലസ് വൺ പ്രവേശന പ്രതിസന്ധി പഴയപടി തുടരും; ശാശ്വത പരിഹാരം ആവശ്യപ്പെട്ട കമ്മീഷൻ റിപ്പോർട്ട് മുക്കി

മലബാർ ജില്ലകളിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കാനാവശ്യപ്പെട്ടുളള വിവിധ സമരങ്ങളും പ്രക്ഷോഭങ്ങളും ഒന്നാം പിണറായി സർകാരിൻ്റെ കാലം മുതൽ തുടരുന്നതാണ്. തത്കാലം ഓരോ ക്ലാസിലും കുട്ടികളെ അധികമായി കുത്തി നിറച്ച് വിമർശനങ്ങളിൽ നിന്നും രക്ഷപെടുക എന്ന തന്ത്രമാണ് സർക്കാർ തുടരുന്നത്. പഠനവും പഠിക്കാനുള്ള അന്തരീക്ഷവും നഷ്ടമായി തലമുറകൾ തന്നെ പാതി വഴിയിൽ ഭാവിയും സ്വപ്നങ്ങളും തുലയുന്ന സാഹചര്യമാണ്. 2021 ലെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ മലബാറിലെ വിദ്യാഭ്യാസ പ്രശ്നം പഠിച്ചശേഷം പരിഹരിക്കുമെന്നത് എൽ ഡി എഫ് വാഗ്ദാനമായിരുന്നു.

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കമ്മീഷൻ റിപ്പോർട്ടിൽ ഒതുക്കി

ഇതു പ്രകാരം അധികാരത്തിൽ വന്നപ്പോൾ വിഷയം പഠിക്കുവാൻ വേണ്ടി പ്രൊഫ. കാർത്തികേയൻ നായർ അധ്യക്ഷനായ അഞ്ചംഗ കമ്മറ്റിയെ നിയമിക്കയും ചെയ്തു. സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ 30 ശതമാനം വരെയുള്ള മാർജിൻ സീറ്റ് വർദ്ധനവ് അശാസ്ത്രീയമാണെന്നും അതിനി ആവർത്തിക്കരുത് എന്നും കമ്മിറ്റി റിപ്പോർട്ടിൽ ഊന്നി പറഞ്ഞിരുന്നു. മലബാർ ജില്ലകളിൽ ആവശ്യമായ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കലും ഹയർസെക്കൻഡറി ഇല്ലാത്ത ഹൈസ്കൂളുകളെ ഹയർ സെക്കൻഡറി അപ്ഗ്രേഡ് ചെയ്യലും മാത്രമാണ് പ്രശ്നപരിഹാരമെന്ന് വ്യക്തമാക്കുകയും ചെയ്തു. തെക്കൻ ജില്ലകളിൽ കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന നൂറിനടുത്ത ബാച്ചുകൾ മലബാർ ജില്ലകളിലേക്ക് പുനക്രമീകരിച്ച് നൽകാമെന്ന നിർദ്ദേശവും കമ്മറ്റി മുന്നോട്ട് വെച്ചിരുന്നു. പക്ഷെ ഇവയെല്ലാം രാഷ്ട്രീയമായ ചില ബാലൻസുകളിൽ തട്ടി പഴയപടിയായി.

ചെറുതല്ല മലബാറിലെ വിദ്യാർഥികൾ നേരിടുന്ന പ്രതിസന്ധി

പാലക്കാട് മുതൽ കാസർകോട് വരെയുള്ള 6 ജില്ലകളിലായി ഈ വർഷം SSLC വിജയിച്ചത് 225702 വിദ്യാർഥികളാണ്. സർക്കാർ – എയ്ഡഡ് മേഖലകളിലായി ഈ ജില്ലകളിലുള്ള പ്ലസ് വൺ സീറ്റുകൾ 144500. അപ്പോൾ 81202 പേർക്ക് നിലവിൽ ഇവിടെ +1 സീറ്റില്ല. ആറ് ജില്ലകളിലായി VHSE സീറ്റുകളുള്ളത് 9625. ഐ.ടി.ഐ സീറ്റുകൾ 11350. പോളിടെക്നിക് 4175 . ഇതൊക്കെ ചേർത്താലും 169650 ഉപരിപഠന സാധ്യതകളെ മലബാറിൽ ഉള്ളൂ. അപ്പോഴും 56052 കുട്ടികൾക്ക് ഉപരിപഠന സാധ്യത പൊതുമേഖലയിൽ ലഭ്യമല്ല.

ശാശ്വത പരിഹാരമില്ല, തത്ക്കാലം ക്ലാസിലിരിക്കാം

സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലെ 2023-24 വര്‍ഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് 2022-23 ൽ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും മാർജിനൽ സീറ്റ് വർദ്ധനവിനും മന്ത്രിസഭായോഗം അനുമതി നല്‍കി.

2022-23 അധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും എട്ട് കോമേഴ്സ് ബാച്ചുകളും തുടരും. താൽക്കാലികമായി അനുവദിച്ച രണ്ട്‌ സയൻസ് ബാച്ചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളും കണ്ണൂർ കെ.കെ.എൻ പരിയാരം സ്മാരക സ്കൂളിൽ താൽക്കാലികമായി അനുവദിച്ച ഒരു കോമേഴ്സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാണ് തുടരുക.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളില്‍ 20 ശതമാനവും മാർജിനൽ സീറ്റ് വർദ്ധനവ് വരുത്തും.

ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കൻഡറി സ്കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കൻഡറി സ്കൂളുകളിലും 20ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് ഉണ്ടാകും.

വിഭാഗീയത മുതലാക്കി മന്ത്രി

കേരളത്തെ തെക്കും വടക്കും എന്നൊക്കെ പറഞ്ഞ് വിലയിരുത്തുന്നത് തീർത്തും അനാരോഗ്യകരമായ പ്രവണതയാണ്. കേരള സംസ്ഥാനം രൂപവത്കരിച്ചതിന് ശേഷം അധികാരത്തിൽ വന്ന ഒരു സർക്കാരും ഇത്തരത്തിൽ ഒരു നിലപാട് കൈക്കൊണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

വ്യാജവാർത്ത ചമക്കുന്നതിന് പിന്നിലും നിക്ഷിപ്ത താല്പര്യം ഉണ്ട്. ഒരു വാർത്ത നൽകിയതിന് ശേഷം ഞങ്ങൾ അതല്ല ഉദ്ദേശിച്ചത് എന്ന് പറയുന്നത് മാധ്യമ ധർമമല്ല. അതിന് ശേഷം വീണ്ടും ഞങ്ങൾ അതുതന്നെയാണ് ഉദ്ദേശിച്ചത് എന്ന് പറയുന്നതും മാധ്യമ നീതിക്ക് നിരക്കുന്നതല്ലെന്ന് വയനാട്ടിലെ കോഴ്സുകളെ സംബന്ധിച്ച പരാമർശം ഒരു വാർത്താ ചാനൽ വാർത്തയാക്കിയതും എഡിറ്റർ മാപ്പുപറഞ്ഞതും സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വിദ്യാർഥികളും രക്ഷാകർത്താക്കളും ഒട്ടും ആശങ്കപ്പെടേണ്ടതില്ല. പ്രവേശന നടപടികൾ പൂർത്തിയാകുമ്പോൾ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നു എന്ന് മുൻ വർഷത്തേത് പോലെ വ്യക്തമാകും. ഉപരിപഠനത്തിന് അർഹതയുള്ള എല്ലാ വിദ്യാർഥികൾക്കും കേരളത്തിൽ പഠനാവസരം ഉണ്ടാകുമെന്നും മന്ത്രി അവകാശപ്പെട്ടു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...