പ്രായപരിധി കഴിഞ്ഞവരും വിവാഹം കഴിഞ്ഞവരും സംസ്ഥാന ഭാരവാഹികളായി തുടരുന്ന വിഷയത്തിൽ കെ എസ് യു നേതാക്കൾ ഏറ്റുമുട്ടി. കെ.എസ്.യു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഇത് വാക്കേറ്റത്തിലും കയ്യാങ്കളിയിലുമെത്തി.
പ്രായം കഴിഞ്ഞവരും വിവാഹം കഴിച്ചവരുമായി 10 പേര് സംസ്ഥാന സമിതിയിലുണ്ട്. ഇവരെ പുറത്താക്കണമെന്നാണ് ഗ്രൂപ്പുകളുടെ ആവശ്യം. എ, ഐ ഗ്രൂപ്പുകളിലെ അഞ്ചോളം നേതാക്കള്‍ നേരത്തെ പ്രായപരിധിയും വിവാഹവുമായി ബന്ധപ്പെട്ട നിബന്ധന പാലിച്ച് മാറിയിരുന്നു. എന്നിട്ടും തുടരുന്നവരെ മുൻ നിർത്തിയാണ് ചർച്ച കൊഴുത്തത്. എ, ഐ ഗ്രൂപ്പുകള്‍ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ അനുകൂലികളുമായി ഏറ്റുമുട്ടുകയായിരുന്നു.
മലപ്പുറത്തുനിന്നുള്ള കണ്ണന് നമ്പ്യാര്‍ ഉള്‍പ്പെടെ വിവാഹം കഴിഞ്ഞ നേതാക്കള്‍ സംസ്ഥാന ഭാരവാഹി പട്ടികയില്‍ നിന്ന് സ്വയം രാജിവെക്കണമെന്ന് എ, ഐ. ഗ്രൂപ്പുകള്‍ ഒരുമിച്ച് ആവശ്യപ്പെട്ടു. തർക്കത്തിൽ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റിന് പിന്തുണയുമായി കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന് പക്ഷം കൂടെ എത്തിയതോടെയാണ് യോഗം കയ്യാങ്കളിയില്‍ കലാശിച്ചത്.
കഴിഞ്ഞ യോഗത്തിലെ തുടര്‍ച്ചയായാണ് ഞായറാഴ്ചത്തെ യോഗവും തമ്മില്‍ തല്ലിലും കയ്യാങ്കളിയിലും കലാശിച്ചത്. ഇതു കാരണം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെ യോഗം പിരിഞ്ഞു. 27 വയസ് പ്രായപരിധി പിന്നിട്ടവരുടെയും വിവാഹം കഴിഞ്ഞവരുടെയും രാജി എന്‍.എസ്.യു നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. 27 വയസ് കഴിഞ്ഞ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് മാത്രം ഇളവ് നല്‍കിയാണ് മറ്റുള്ളവരുടെ രാജി ആവശ്യപ്പെട്ടത്.
എന്നാൽ സംഘടനാപരമായ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമാണ് യോഗത്തിലുണ്ടായതെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.


