ദേശീയ ഗുസ്തി ഫെഡറേഷന് പ്രസിഡൻ്റും ബി ജെ പി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെ സംരക്ഷിക്കുന്ന സർക്കാർ നിലപാട് തുടരുന്നതിൽ പ്രതിഷേധിച്ച് മെഡലുകള്‍ ഗംഗയില്‍ നിമജ്ജനം ചെയ്യാന്‍ ഗുസ്തി താരങ്ങൾ. സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടുമടക്കമുള്ള താരങ്ങള്‍ ഹരിദ്വാറിലെത്തി. വൈകാരികമായ ദൃശ്യങ്ങളാണ്. ഗുസ്തി താരങ്ങള്‍ കണ്ണീരണിഞ്ഞാണ് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ എത്തിയത്.
മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് കരഞ്ഞാണ് അവർ ഗംഗാ തീരത്തേക്ക് നീങ്ങിയത്. താരങ്ങള്‍ ഹരിദ്വാറില്‍ പ്രവേശിക്കുന്നതോ ഗംഗയില്‍ മെഡലുകള്‍ ഒഴുക്കുന്നതിനോ തടസ്സമുണ്ടാവില്ലെന്ന് ഹരിദ്വാര്‍ പോലീസ് അറിയിച്ചിരുന്നു. താരങ്ങള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും തടയാനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും സീനിയര്‍ പോലീസ് സൂപ്രണ്ട് അജയ് സിങ് നിലപാടെടുത്തു.
മെഡലുകൾ ഗംഗയിൽ ഒഴുക്കിയ ശേഷം ഇന്ത്യാ ഗേറ്റിൽ സമരമിരിക്കും. പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾക്ക് ഒപ്പം നിൽക്കണോ പീഡിതർക്കൊപ്പം നിൽക്കണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും ഗുസ്തി താരങ്ങൾ പറഞ്ഞു.
ഗുസ്തി താരങ്ങളുടെ ഹർജി പോക്സോ കോടതിയിലേക്ക് മാറ്റണമെന്ന ഹർജിയിൽ ദില്ലി ഹൈക്കോടതി രജിസ്ട്രാർക്കും ദില്ലി സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ജൂലായ് ആറിന് ഹർജി കോടതി കേസ് വീണ്ടും പരിഗണിക്കും.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്റെ അറസ്റ്റ് വൈകുന്നതിനെതിരെ രാജ്യ വ്യാപക പ്രതിഷേധത്തിന് സംയുക്ത കിസാൻ മോർച്ചയും തയ്യാറെടുക്കുന്നുണ്ട്. ഇന്നലെ രാത്രിയിൽ ചേർന്ന നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തിൽ ഗുസ്തി താരങ്ങളെ പ്രതിനിധീകരിച്ച് ബജ്റംഗ് പുനിയയും പങ്കെടുത്തിരുന്നു. വ്യാഴാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷന്റെ കോലം കത്തിക്കാനാണ് തീരുമാനം.
പോക്സോ കേസിലും രാഷ്ട്രീയ സംരക്ഷണം, ശക്തി പ്രകടനത്തിന് ബ്രിജ് ഭൂഷൺ
ബ്രിജ് ഭൂഷൺ അയോധ്യയിൽ ശക്തി പ്രകടന റാലി നടത്താനിരിക്കുന്ന ജൂൺ അഞ്ചിന് എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രതിഷേധ സംഗമവും കോലം കത്തിക്കലും സംഘടിപ്പിക്കും. അന്ന് തന്നെ ദില്ലിയിൽ ചേരുന്ന യോഗത്തിൽ തുടർ പരിപാടികൾ തീരുമാനിക്കുമെന്നും എസ്കെഎം അറിയിച്ചു. സമരം അവസാനിച്ചിട്ടില്ലെന്നും രണ്ടാം ഘട്ടം ഉടൻ പ്രഖ്യാപിക്കുമെന്നും സാക്ഷി മാലിക് ഇന്നലെ വ്യക്തമാക്കിയിരുന്നു. ജന്തർ മന്തറിൽ ഇനി പ്രതിഷേധം അനുവദിക്കില്ലെന്നും അപേക്ഷ നൽകിയാൽ മറ്റൊരിടം നൽകാമെന്നുമാണ് ദില്ലി പൊലീസിന്റെ നിലപാട്.


