കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനിയറിങ് കോളേജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ മരണം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കും.വിദ്യാർഥി സമരം തത്ക്കാലം നിർത്തി വെച്ചു. സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥികൾക്കെതിരേ നടപടി ഉണ്ടാകില്ലെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു. ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർഥികളും മാനേജ്മെന്റും അധ്യാപകരുമായുള്ള ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
‘വിദ്യാർഥികൾ പരാതിപ്പെട്ട എച്ച്.ഒ.ഡിക്കെതിരേ അന്വേഷണത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ മാത്രം നടപടി തീരുമാനിക്കും. കുറ്റക്കാരെ ശിക്ഷിക്കും. വാർഡനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യം സഭാനേതൃത്വവുമായി സംസാരിച്ച് മാനേജ്മെന്റ് അറിയിക്കും. സ്റ്റുഡന്റസ് കൗൺസിൽ ശക്തിപ്പെടുത്തും’ മന്ത്രി പറഞ്ഞു. വാർഡനെതിരെയാണ് വിദ്യാർഥികൾ എറ്റവും അധികം പരാതി ഉന്നയിച്ചത്. എന്നാൽ ഇക്കാര്യത്തിലും അന്വേഷണ ശേഷമാവും നടപടി എന്നാണ് വശദീകരണം.
സമരം തത്കാലം നിർത്തിയതായി വിദ്യാർഥികൾ വ്യക്തമാക്കി. എന്നാൽ ഇതിൽ പൂർണതൃപ്തരല്ല. അന്വേഷണവുമായി സഹകരിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നും വിദ്യാർഥികൾ കൂട്ടിച്ചേർത്തു. മന്ത്രിമാരായ വി.എൻ. വാസവൻ, ആർ. ബിന്ദു എന്നിവർ യോഗത്തില്‍ പങ്കെടുത്തു.
ഇതുവരെ നടന്ന പൊലീസ് അന്വേഷണം മാനേജ്മെന്റിന് അനുകൂലമായിരുന്നു എന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിലെങ്കിലും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രദ്ധയുടെ അച്ഛന്‍ പ്രതികരിച്ചു.


