2023 വനിതാ ജൂനിയര്‍ ഏഷ്യാകപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ സെമി ഫൈനലില്‍. പൂള്‍ എയിലെ അവസാന മത്സരത്തില്‍ ചൈനീസ് തായ്‌പേയിയെ എതിരില്ലാത്ത 11 ഗോളുകള്‍ക്ക് ഓടിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. ഇനി ജപ്പാനാണ് ഇന്ത്യയുടെ എതിരാളി. ശനിയാഴ്ചയാണ് മത്സരം.
പൂള്‍ എയില്‍ ഒന്നാമതെത്തിയാണ് ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറിയത്. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല. ഇന്ത്യയ്ക്ക് വേണ്ടി അന്നുവും സുനെലിത ടോപ്പോയും ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വൈഷ്ണവി വിഠല്‍ ഫാല്‍ക്കെ, ദീപിക, ഋതുജ, നീലം, മഞ്ജു ചൗരസ്യ, ദീപിക സോറെങ്, മുംതാസ് ഖാന്‍ എന്നിവരും ലക്ഷ്യം കണ്ടു.
പൂള്‍ എയില്‍ നാല് മത്സരങ്ങളില്‍ മൂന്ന് വിജയവും ഒരു സമനിലയുമടക്കം 10 പോയന്റാണ് ഇന്ത്യയ്ക്കുള്ളത്. ദക്ഷിണ കൊറിയയ്ക്കും ഇത്രയും പോയന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ഇന്ത്യ ഒന്നാമതെത്തി. നാല് മത്സരങ്ങളില്‍ നിന്ന് 37 ഗോളുകളാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. വഴങ്ങിയതാകട്ടെ വെറും മൂന്ന് ഗോളുകള്‍ മാത്രം.
ആദ്യ മത്സരത്തില്‍ ഉസ്‌ബെകിസ്താനെ എതിരില്ലാത്ത 22 ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യ രണ്ടാം മത്സരത്തില്‍ മലേഷ്യയെ 2-1 ന് തോല്‍പ്പിച്ചു. മൂന്നാം മത്സരത്തില്‍ ഇന്ത്യയെ കരുത്തരായ ദക്ഷിണ കൊറിയ 2-2 ന് സമനിലയില്‍ തളച്ചു. ഇന്ത്യയ്‌ക്കൊപ്പം ദക്ഷിണ കൊറിയയും സെമിയിലേക്ക് മുന്നേറിയിട്ടുണ്ട്. തോൽവിയറിയാത്ത മുന്നേറ്റമാണ്.


