കാമുകനെ അമ്മാവൻ കൊലപ്പെടുത്തിയതിന് പിന്നാലെ സംഭവത്തിന് ദൃക്സാക്ഷിയായ യുവതി ജീവനൊടുക്കി. യുവതിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ വന്ന യുവാവിനെ വാക് തർക്കത്തിന് പിന്നാലെ അമ്മാവന് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കോയമ്പത്തൂർ ചെട്ടിപാളയം മയിലാടുംപാറയില്‍ ധന്യയാണ് (18) ആത്മഹത്യ ചെയ്തത്.
ധന്യയുടെ കാമുകന് സുന്ദരാപുരം ഗാന്ധിനഗറിലെ പ്രശാന്ത് (21) ജൂണ്‍ അഞ്ചിനാണ് കൊല്ലപ്പെട്ടത്. അന്നു തന്നെ യുവതി മരിക്കാൻ ശ്രമിച്ചു എങ്കിലും രക്ഷപെടുത്തി. ഇതിനു പിന്നാലെ രണ്ടാമതായുള്ള ശ്രമത്തിലാണ് മരിച്ചത്.
ജൂൺ അഞ്ചിന് അര്‍ധരാത്രിയോടെ സുഹൃത്തുക്കളുമായി ധന്യയുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ പ്രശാന്തും സംഘവും എത്തി. വിരുന്നിനിടെ ധന്യയുടെ അമ്മാവനും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ അമ്മാവന് വിഗ്നേഷ് കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ധന്യയുടെ കണ്മുന്നില്വെച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ വിഗ്നേഷിനെ ചെട്ടിപാളയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മനോവിഷമത്തിലായ ധന്യ അടുത്തദിവസംതന്നെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മാതാപിതാക്കള്‍ ധന്യയെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന് രക്ഷിക്കാനായി. ആശുപത്രിയില്‍നിന്ന് രണ്ടുദിവസം മുന്‍പാണ് ധന്യ ചികിത്സകഴിഞ്ഞ് വന്നത്.
വെള്ളിയാഴ്ച അച്ഛനും അമ്മയും ധന്യയെ മുത്തശ്ശിക്കൊപ്പമാക്കി പണിക്കുപോയി. നല്ല തലവേദനയാണെന്ന് പറഞ്ഞ് മുത്തശ്ശിയെ മരുന്നുവാങ്ങിക്കാന്‍ അയച്ചശേഷം, ആത്മഹത്യചെയ്യുകയായിരുന്നുവെന്ന് ചെട്ടിപാളയം പോലീസ് പറഞ്ഞു. മുത്തശ്ശി മടങ്ങിവന്നപ്പോള്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍ മാതാപിതാക്കളെ അറിയിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.


