തെരുവ് നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പതിനൊന്നുകാരൻ നിഹാലിൻ്റെ മരണം നായകളുടെ കൂട്ടായ ആക്രമണത്തിൽ. കുട്ടിയുടെ ശരീരമാസകലം നായകൾ കടിച്ചതിന്റെ മുറിവകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. നിഹാലിന്റെ കഴുത്തിലും മുഖത്തും ചെവിക്ക് പിന്നിലും ആഴത്തിലുള്ള മുറിവുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഞായറാഴ്ച രാത്രിയാണ് മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുൽ റഹ്‌മയിൽ നിഹാൽ നൗഷാദിനെ (11) ആൾതാമസമില്ലാത്ത വീടിന്റെ ഗേറ്റിന് സമീപത്ത് നിന്ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒന്നിലധികം നായകൾ കുട്ടിയെ ആക്രമിച്ചിട്ടുണ്ട്. കുട്ടിയുടെ ഇടത് കാലിന് സാരമായ രീതിയിൽ പരിക്കേറ്റിട്ടുണ്ട്. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. നിഹാലിന്റെ പിതാവ് ബഹ്‌റൈനിൽ നിന്ന് വൈകുന്നേരത്തോടെയേ എത്തിച്ചേരും.
ഇരയായത് സംസാര ശേഷിയില്ലാത്ത കുഞ്ഞ്
കാണാതായ കുട്ടിക്കുവേണ്ടി ഞായറാഴ്ച വൈകിട്ടുമുതൽ നാട്ടുകാർ തിരച്ചിൽ തുടങ്ങിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയും വിവരം പ്രചരിപ്പിച്ചു. നായകളുടെ ശബ്ദം കേട്ടതായും നാട്ടുകാർ പറയുന്നു. എന്നാൽ, കുഞ്ഞിനെ ആക്രമിക്കുന്നതാണെന്ന് അറിഞ്ഞിരുന്നില്ല. സംസാരശേഷിയില്ലാത്ത കുഞ്ഞിൻ്റെ കരച്ചിലും ആരും കേട്ടില്ല. സംശയം തോന്നിയ ചിലരാണ് ആളൊഴിഞ്ഞ വീട്ടുപരിസരത്ത് പരിശോധിച്ചത്.
വീടിനും നാടിനും പഠിച്ച സ്‌കൂളിനും പ്രിയങ്കരനായിരുന്നു നിഹാല്‍. പ്രത്യേക വാത്സല്യത്തോടെയാണ് സമീപവാസികളും നിഹാലിനെ ചേര്‍ത്തുപിടിച്ചിരുന്നത്. ധര്‍മടം സ്വാമിക്കുന്ന് ജേസീസ് സ്‌പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു നിഹാല്‍. കലാമത്സരങ്ങളിലും മറ്റും ഒക്കെ സജീവമായി പങ്കെടുക്കുന്ന മിടുക്കനായ വിദ്യാർഥിയായിരുന്നു.
ഓട്ടിസം ബാധിച്ച കുട്ടിയാണ് നിഹാലെന്നും മുമ്പും ഇത്തരത്തിൽ നിഹാലിനെ കാണാതായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരാണ് അപ്പോഴൊക്കെ തിരികെ വീട്ടിലെത്തിക്കാറുള്ളത്. എന്നത്തേയും പോലെ തിരികെ വരുമെന്നാണ് കരുതിയിരുന്നത്.
നിയന്ത്രണമില്ലാതെ നായ ശല്യം
തെരുവു നായ ശല്യം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യമാണ്. നേരത്തെ പ്രാദേശികമായി ജനങ്ങൾ സംഘടിച്ച് നിയന്ത്രണം സാധ്യമാക്കിയിരുന്നു. കൂട്ടമായി അലഞ്ഞു തിരിയുന്ന നായ്ക്കളെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ നിയമ പ്രശ്നം വന്നതോടെ നിസ്സഹായമായ അവസ്ഥിലാണ്. തദ്ദേശ സ്ഥാപനങ്ങൾക്കോ സർക്കാരിനോ ഫലപ്രദമായ ബദൽ പരിഹാരം മാർഗ്ഗം ഒന്നും തന്നെ ഇതുവരെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.


