ചോർന്നത് രാഷ്ട്രീയ ഉന്നതർ മുതൽ നൂറുകോടിയോളം പേരുടെ വ്യക്തിഗത ഡാറ്റ ബാങ്ക്; കോവിൻ വിവരങ്ങൾ ഭദ്രമെന്ന് ആവർത്തിച്ച് കേന്ദ്രം

വാക്സിനെടുക്കാന്‍ കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ഐടി മന്ത്രാലയം. ഇതിനു പിന്നാലെ കോവിനില്‍ സുരക്ഷാ വീഴ്ചയില്ല എന്ന് അവകാശപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്ത് എത്തി. ഇതുസംബന്ധിച്ച് നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും കോവിന്‍ പോര്‍ട്ടല്‍ സുരക്ഷിതമാണ് എന്ന് മറുപടിയാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉണ്ടായത്.

നൂറ് കോടിയിലധികം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങളാണ് ചോർന്നത്. രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളുടേയും മാധ്യമപ്രവര്‍ത്തകരുടേയുമെല്ലാം ആധാര്‍, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് വിവരങ്ങള്‍ മൊബൈല്‍ നമ്പര്‍, വിലാസം എന്നിവ ടെലഗ്രാമില്‍ ലഭ്യമായി. ആർക്കും വിവരങ്ങൾ എടുക്കാവുന്ന വിധം ടെലഗ്രാം ചാറ്റ് ബോട്ടിലാണ് ഇവ ലഭ്യമാവുന്നത്.

ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഗത്യന്തരമില്ലാതെ ഐടി മന്ത്രാലയം അന്വേഷണം ആരംഭിച്ചത്. കോവിന്‍ പോര്‍ട്ടലില്‍ നിന്നല്ല വിവരം ചോര്‍ന്നത് എന്ന് പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെ ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അവകാശപ്പെട്ടു.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ ടെലഗ്രാമിൽ ആർക്കും കാണാവുന്ന വിധം

 ടെലഗ്രാമിലാണ് വിവരങ്ങള്‍ ലഭ്യമാകുന്നത്. വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ രജിസ്റ്റർ ചെയ്ത ഫോണ്‍ നമ്പർ നല്‍കിയാല്‍ ടെലഗ്രാമിലൂടെ ഏത് ഉന്നതരുടെയും വരെ സ്വകാര്യ വിവരങ്ങളെല്ലാം ലഭിക്കും. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ നല്‍കി ഫോണ്‍ നമ്പര്‍, ലിംഗം, ഐഡി കാര്‍ഡ് വിവരങ്ങള്‍, ജനന തീയതി എന്നിവ ടെലഗ്രാമില്‍ സന്ദേശമായി വരും. ഇന്ത്യക്കാരുടെ സമ്പൂർണ്ണ വിവരങ്ങൾ എന്നാണ് ചാറ്റ് ബോട്ട് അവകാശം.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കോവിന്‍ പോര്‍ട്ടലില്‍ നിന്ന് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ പോലും ഒടിപി ഉള്‍പ്പെടെയുള്ള സുരക്ഷാ പരിശോധനകള്‍ മറികടക്കണം എന്നിരിക്കെയാണ് ടെലഗ്രാം ചാനലില്‍ ഈ വിവരങ്ങള്‍ ലഭ്യമാകുന്നത്. 

മന്ത്രിമാരുടെ വരെ സ്വകാര്യ വിവരങ്ങൾ

രാജ്യത്തെ പൗരന്മാർ വാക്സീനേഷന്‍ സമയത്ത് നല്‍കിയ പേര്, ആധാര്‍, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകളുടെ വിശദവിവരങ്ങൾ, ജനന വര്‍ഷം, വാക്സീനെടുത്ത കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് പുറത്തായത്. ഹാക്ക് ഫോർ ലേൺ എന്ന ടെലഗ്രാം ബോട്ടിലൂടെയാണ് വിവരങ്ങൾ ചോര്‍ന്നത്. വ്യക്തികളുടെ ഫോൺ നമ്പറോ ആധാര്‍ നമ്പറോ നല്‍കിയാല്‍ ഒറ്റയടിക്ക് മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്ന നിലയിലാണ് രേഖകൾ ചോർന്നത്. രാജ്യത്തെവിടെയിരുന്നും വിവരങ്ങള്‍ ചോര്‍ത്താവുന്ന സ്ഥിതിയാണ്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും, പ്രതിപക്ഷ നേതാക്കളുടെയും വിവരങ്ങള്‍ ഈ രീതിയില്‍ ലഭ്യമായതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നേരത്തെയും ചോർന്നു, അന്നും നിഷേധിച്ചു, കണ്ണടച്ചു

കോവിഡ് കാലത്ത് എറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഡാറ്റ ചോര്‍ച്ച. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ വ്യക്തി- ആരോഗ്യ വിവരങ്ങളുടെ വന്‍ കൈമാറ്റം നടന്നതായി പലവട്ടം ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം സമാനമായ രീതിയില്‍ ഡാറ്റ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പേരും കോവിഡ് – 19 ഫലങ്ങളും ഉള്‍പ്പെടെ വ്യക്തിപരമായി തിരിച്ചറിയാവുന്ന വിവരങ്ങള്‍ ഒരു ഉള്ളടക്ക ഡെലിവറി നെറ്റ്‌വര്‍ക്ക്‌ വഴി പരസ്യമാകുന്നു എന്നായിരുന്നു അന്നത്തെ വിഷയം.

വിവരച്ചോര്‍ച്ച സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിഷേധിച്ചിരുന്നു. 2021 ജൂണിലാണ് ഇന്ത്യക്കാരുടെ വാക്സിനേഷന്‍ ഡാറ്റ പുറത്തായി എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. 150 ദശലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു എന്നായിരുന്നു ആക്ഷേപം. എന്നാല്‍ വിവരങ്ങളുടെ ചോര്‍ച്ച നിഷേധിക്കുകയായിരുന്നു അന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചെയ്തത്. 

പുതിയത് അല്ലെന്ന് മന്ത്രി

ഇപ്പോൾ പുറത്ത് വന്നത് മുൻ കാലങ്ങളിൽ ചോർന്ന വിവരങ്ങളാണെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കൊവിൻ ആപ്പിൽ നിന്ന് നേരിട്ടല്ല വിവരങ്ങൾ ചോർന്നതെന്നും അദ്ദേഹം ന്യായീകരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലെ കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമിനോടാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. വിവര ചോർച്ച അതീവ ഗുരുതരമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്. 

ഏറ്റെടുത്ത് പ്രതിപക്ഷം

അതിനിടെ, വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു പ്രതിപക്ഷം. ഡിജിറ്റല്‍ ഇന്ത്യ എന്ന് പറഞ്ഞ് നടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പൗരന്റെ സ്വകാര്യത എന്ന അവകാശത്തെ മറക്കുകയാണോ എന്ന് കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം ചോദിച്ചു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖലെ പറഞ്ഞു. സമഗ്രാന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

Share post:

spot_imgspot_img

Popular

More like this
Related

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...