മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപിക്കും അതിൻ്റെ താത്പര്യം തുടരുന്ന കേന്ദ്ര സര്‍ക്കാർ നടപടിക്കും എതിരെ മുന്നറിയിപ്പുമായി തമിഴ്‌നാട്. തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഓർമ്മിപ്പിച്ചു. ഏജന്‍സികളെ ഉപയോഗിച്ച് വിരട്ടാനാണ് ശ്രമമെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടാന്‍ നിങ്ങള്‍ക്ക് കഴിയില്ല, ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഇതോടെ സംസ്ഥാന ബന്ധങ്ങളിൽ വിലയി വിള്ളലുകൾ വീഴ്ത്തുന്ന ആപത്കരമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്ന ആശങ്ക പരക്കുകയാണ്. ബി ജെ പി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ള ഇടപെടലുകൾ എല്ലാം സ്റ്റാലിൻ ഓർമ്മിപ്പിക്കുന്നുമുണ്ട്. രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നു എന്ന ചർച്ചയാണ് ഉയരുന്നത്.
‘ഡിഎംകെ പ്രവര്‍ത്തകരെ ചൊടിപ്പിക്കരുത്. എല്ലാ രാഷ്ട്രീയവും ഞങ്ങള്‍ക്കറിയാം, ഇതൊരു ഭീഷണിപ്പെടുത്തലല്ല, മുന്നറിയിപ്പാണ്’ എന്ന അടിക്കുറിപ്പോടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് സ്റ്റാലിന്റെ പ്രതികരണം. ഞാന്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്ന (നാന്‍ തിരുപ്പിയടിച്ചാല്‍ ഉങ്കളാൽ താങ്കമുടിയാത്) കലൈഞ്ജര്‍ കരുണാനിധിയുടെ വാക്കുകള്‍ സ്റ്റാലിന്‍ ഓര്‍മിപ്പിക്കുകയും ചെയ്തു. നേർക്ക് നേർ നിന്ന് രാഷ്ട്രീയത്തിന് തയാറുണ്ടോ, അതിന് ഡി എം കെ തയാറാണ് എന്നും വെല്ലുവിളിച്ചു.
ഇ.ഡിയെ ഉപയോഗിച്ച് ഡിഎംകെയെ ഭയപ്പെടുത്താമെന്നാണ് ബിജെപി കരുതിയതെങ്കില്‍ നിരാശപ്പെടേണ്ടി വരും. തെറ്റായ വഴിയിലൂടെ ഡിഎംകെയെ നേരിടാനാണ് ബിജെപി ശ്രമിക്കുന്നതെങ്കില്‍ അതിന്റെ പ്രത്യാഘാതം നിങ്ങൾ താങ്ങില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ജയിക്കാനാവാത്ത സ്ഥലങ്ങളില്‍ ഏജന്‍സികളെ ഉപയോഗിക്കലാണ് ബിജെപിയുടെ രീതി. അവര്‍ക്കറിയാവുന്ന ഒരേയൊരു രീതിയും അതാണ്. ജനങ്ങള്‍ ബിജെപിയെ വിശ്വസിക്കുന്നില്ല. അപ്പോള്‍ ബിജെപി വളഞ്ഞ വഴി സ്വീകരിക്കുകയാണ്. ശിവസേനയേയും മമതയേയും ഡി.കെ ശിവകുമാറിനെയും ആര്‍ജെഡിയേയും എല്ലാം ഈ നിലക്കാണ് കൈകാര്യം ചെയ്തതെന്നും സ്റ്റാലിന്‍ പറഞ്ഞു.
അണ്ണാ ഡി.എം.കെയെപ്പോലെ അടിമയായി മാറാത്തവര്‍ക്ക് ഇതാണ് അനുഭവം. അണ്ണാ ഡി.എം.കെയെ അടിമയാക്കിയത് ഇത്തരം റെയ്ഡുകളിലൂടെയാണ്. അവര്‍ക്കൊപ്പം ചേര്‍ന്നതോടെ എല്ലാ നടപടികളും നിര്‍ത്തിവെച്ചു. എന്നാല്‍, തങ്ങള്‍ അതുപോലെ അടിമയാകുമെന്ന് ബി.ജെ.പി കരുതേണ്ട. ഡി.എം.കെ അങ്ങനെയൊരു കക്ഷിയല്ലെന്ന് ഓര്‍ത്തോളൂ. അടിച്ച പന്ത് തിരികെ വന്ന് നെറ്റിയില്‍ കൊള്ളുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
വിചിത്ര നിലപാടുമായി ഗവർണറും രാഷ്ട്രീയക്കളിയിൽ
അറസ്റ്റിലായ മന്ത്രി സെന്തിൽ വി.ബാലാജിയുടെ കാബിനറ്റ് വകുപ്പുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നൽകിയ ശുപാർശ ഗവർണർ ആർ.എൻ.രവി തള്ളി. സെന്തിൽ ബാലാജിയുടെ വകുപ്പുകൾ ധനമന്ത്രി തങ്കം തെന്നരസുവിനും ഭവനനിർമാണ മന്ത്രി എസ്.മുത്തുസാമിക്കുമായി വീതിച്ചു നൽകണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സെന്തിൽ ചികിത്സയിലായതിനാൽ വകുപ്പ് കൈമാറണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം.
എന്നാൽ അനാരോഗ്യം മതിയായ കാരണമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വകുപ്പുമാറ്റം അംഗീകരിക്കാൻ ഗവർണർ തയാറാകാതിരുന്നതെന്നാണ് റിപ്പോർട്ട്. ഇതിനെതിരെ സർക്കാർ രംഗത്തെത്തി. ഗവർണർ ബിജെപി ഏജന്റിനെ പോലെ പെരുമാറുകയാണെന്ന് മന്ത്രി കെ.പൊൻമുടി ആരോപിച്ചു. വകുപ്പ് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ അവകാശമാണ്. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പൊൻമുടി പറഞ്ഞു.


